എസ്.സി.ഒ ഉച്ചകോടിയിലെ രാഷ്ട്രനേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെട്ടിമാറ്റി പാക്കിസ്ഥാന്‍. പാക് പി.എം.ഒയുടെ ഔദ്യോഗിക എക്സ് പേജിലാണ് എഡിറ്റ് ചെയ്ത ഫോട്ടോ പോസ്റ്റ് ചെയ്തത്. ബാലിശമെന്ന വിമര്‍ശനം ശക്തമായതോടെ ഷഹബാസ് ഷെരീഫിന്‍റെ പേജില്‍ മോദി ഉള്‍പ്പെടുന്ന ഫോട്ടോ പ്രസിദ്ധീകരിച്ചു.
കിര്‍ഗിസ്ഥാനിലെ ബിഷ്കേകില്‍ എസ്.സി.ഒ ഉച്ചകോടിക്കിടെ നടന്ന ഫോട്ടോസെഷനിലായിരുന്നു വിവാദനടപടി. നരേന്ദ്രമോദിയും വ്ലാഡിമിര്‍ പുട്ടിനും ഷീ ചിന്‍ പിങ്ങും ഷഹബാസ് ഷെരീഫും അടക്കം 12 ലോകനേതാക്കള്‍ ഒറ്റ ഫ്രെയ്മില്‍. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ മോദിയടക്കം അഞ്ചുപേരെ വെട്ടിമാറ്റി. ഷഹബാസ് ഷെരീഫ് നടുവില്‍ നില്‍ക്കുന്ന വിധത്തിലാക്കുകയും ചെയ്തു. തീര്‍ന്നില്ല പാക് പ്രധാനമന്ത്രിയുടെ ഫെയ്സ് ബുക് പേജില്‍ പോസ്റ്റ് ചെയ്ത എസ്.സി.ഒ റൗണ്ട് ടേബിള്‍ വീഡിയോയിലും മോദിയെ എഡിറ്റ് ചെയ്ത് നീക്കി.
Also read: ഹോര്‍മുസില്‍ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം; ഇറാന്‍ പ്രസിഡന്റിനോട് മോദി
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി യഥാര്‍ഥ ചിത്രമാണ് സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചത്. പാക്കിസ്ഥാന്‍റെ ബാലിശവും അപക്വവുമായ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. പാക് പി.എം.ഒയുടെ പോസ്റ്റിനു താഴെ യഥാര്‍ഥ ചിത്രം പലരും പങ്കുവയ്ക്കാന്‍ തുടങ്ങി. ഇതോടെ ഷഹബാസ് ഷെരീഫ് തന്‍റെ ഔദ്യോഗിക പേജില്‍ എഡിറ്റ് ചെയ്യാത്ത ഫോട്ടോ പോസ്റ്റ് ചെയ്ത് തടിയൂരി. ഫോട്ടോ സെഷനു മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായും സൗഹൃ സംഭാഷണം നടത്തിയെങ്കിലും ഷഹബാസ് ഷെരീഫിന് മുഖം കൊടുത്തിരുന്നില്ല.