നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് നടന്ന സിജെപി പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രാജ്യത്തുടനീളം റജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ഭരണഘടനയുടെ 142-ാം അനുച്ഛേദം അനുസരിച്ചുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കെതിരെ കേസ് തുടരും. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള വിദ്യാർഥികൾക്കെതിരായ കേസുകൾ റദ്ദാക്കപ്പെടും. കേസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ ശനിയാഴ്ചത്തെ പ്രതിഷേധമാര്‍ച്ച് സി.ജെ.പി പിന്‍വലിച്ചു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് എടുത്ത കേസുകൾ പിൻവലിക്കുമെന്നും, ഭാവിയിൽ പുതിയ കേസുകളൊന്നും റജിസ്റ്റർ ചെയ്യില്ലെന്നും കേന്ദ്ര സർക്കാർ ഉറപ്പു നൽകിയതിനെ തുടർന്നാണ് കോടതിയുടെ ഈ ഉത്തരവ്. ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ള, ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്ത 2,873 പേർക്കെതിരെ എഫ്ഐആറുമായി മുന്നോട്ട് പോകാൻ ഡൽഹി പൊലീസിന് കോടതി അനുമതി നൽകി.
കേന്ദ്ര സർക്കാരിന്റെ അനുകൂല നിലപാടും സുപ്രീം കോടതിയുടെ തീരുമാനവും കണക്കിലെടുത്ത് സെപ്റ്റംബർ 5ലെ പ്രതിഷേധ സമരം പിൻവലിക്കാൻ തീരുമാനിച്ചതായി സിജെപി വക്താവ് സൗരവ് ദാസ് സുപ്രീം കോടതിയെ അറിയിച്ചു. വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസും, ബിഹാർ, അസം, ബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളും അപേക്ഷ നൽകിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. പ്രതിഷേധ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇനി എഫ്ഐആറുകളൊന്നും റജിസ്റ്റർ ചെയ്യില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.