തിരുവനന്തപുരത്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ലക്ഷ്യമാക്കിയ ലോൺ ആപ്പ് സംഘം പിടിയില്‍. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ബിടെക്, എല്‍.എല്‍.ബി ബിരുദധാരികള്‍ വരെ തട്ടിപ്പ് സംഘത്തിലുണ്ട്. കോള്‍ സെന്‍റര്‍ മാതൃകയില്‍ രാത്രിയായിരുന്നു സംഘത്തിന്‍റെ പ്രവര്‍ത്തനം. അമേരിക്കയിലുള്ള മലയാളികൾ ഉൾപ്പെടെ വിദേശീയരെ തട്ടിപ്പിനിരയാക്കിയ സംഘത്തിന്‍റെ കോൾ സെന്റര്‍ ശ്രീകാര്യത്ത് പ്രവർത്തനം തുടങ്ങിയത് ഒന്നരമാസം മുമ്പാണ്.

18 പേരാണ് പിടിയിലായത്. തട്ടിപ്പ് നടത്തിയവരില്‍ ഭൂരിഭാഗവും ഗുജറാത്ത്, യുപി സ്വദേശികളാണ്. പ്രവര്‍ത്തിക്കുന്നവരുടെ മാസ ശമ്പളമാകട്ടെ 15000 രൂപയും. തട്ടിപ്പില്‍ ആരെയെങ്കിലും വീഴ്ത്തിയാല്‍ 1000 രൂപ കമ്മിഷനും നല്‍കും. വ്യക്‌തിഗത വിവരങ്ങൾ ശേഖരിച്ച ശേഷം പലരെയും ഭീഷണിപ്പെടുത്തിയാ ണു പണം തട്ടിയിരുന്നത്. ഗുജറാത്ത് സ്വദേശി ആകാശ്ദീപ് ചൗധരിയുടെ പേരിലാണ് കോള്‍ സെന്‍റര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം, സംഘത്തിലെ മറ്റൊരു പ്രധാനിയായ യുപി സ്വദേശി കപിലിനെ വിമാനത്താവളത്തിൽ നിന്നാണു പിടികൂടിയത്.

സ്ഥാപനത്തിലെ കംപ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു. ഇതില്‍ ആകാശ്ദീപിന്‍റെ കംപ്യൂട്ടറിലാണ് തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഉള്ളതെന്നാണ് സംശയിക്കുന്നത്. ‘ഇതിൽ തൊടുന്നവരെ വെടിവച്ചു കൊല്ലും' എന്ന സന്ദേശം കംപ്യൂട്ടറിനു മുന്നിലുണ്ടായിരുന്നു. മുൻപ് ഉള്ളൂരിൽ പ്രവർത്തിച്ചിരുന്ന സ്‌ഥാപനം ഒന്നര മാസം മുൻപാണ് പോങ്ങുംമൂട്ടിലേക്കു മാറ്റിയത്. കമ്പനിയുടെ ശാഖകൾ കൂടുതൽ സ്‌ഥലത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണു പൊലിസിന്റെ നിഗമനം.

ENGLISH SUMMARY:

A massive online loan app scam targeting individuals, including non-resident Malayalis in the United States, was busted in Thiruvananthapuram during police raids conducted as part of "Operation Toofan." The crackdown led to the arrest of 18 suspects—many of whom are graduates in BTech and LLB hailing from Gujarat and Uttar Pradesh—operating a call center-style setup that functioned at night. Led by absconding mastermind Akashdeep Chaudhary, the gang extorted money through intimidation and threats after harvesting personal data, offering staff a monthly salary of ₹15,000 alongside a ₹1,000 commission for successful extortion victims. Police seized computers from the office—including one featuring a chilling warning sign reading "Anyone who touches this will be shot dead"—and arrested key operative Kapil at the airport as authorities suspect further branches of the illegal network exist across other locations.