File Image: ANI

ഐസിസി ട്വന്‍റി 20 ലോകകപ്പിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന തീരുമാനം കൈക്കൊണ്ടതില്‍ പാക്കിസ്ഥാനോട് വിയോജിപ്പ് പരസ്യമാക്കി ബംഗ്ലദേശ്. ലോകകപ്പിലെ പ്രധാന ആകര്‍ഷണവും പരസ്യവരുമാനം ഏറ്റവുമധികം ലഭിക്കുന്നതുമായ മല്‍സരമാണ് ഇന്ത്യ–പാക്കിസ്ഥാന്‍ മല്‍സരമെന്നും ഇത് ബഹിഷ്കരിക്കുന്നത് ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരെ കൂടി നിരാശപ്പെടുത്തുന്ന തീരുമാനമാണെന്നുമാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ അഭിപ്രായം. തങ്ങളെച്ചൊല്ലി പാക്കിസ്ഥാന്‍ ഇത്ര വലിയ സാമ്പത്തിക നഷ്ടം ഐസിസിക്കും പിസിബിയ്ക്കും ഉണ്ടാക്കി വയ്ക്കേണ്ട ആവശ്യമില്ലെന്നും ബിസിബി പറയുന്നു.

'ഇന്ത്യ–പാക്കിസ്ഥാന്‍ മല്‍സരം നടന്നില്ലെങ്കില്‍ ക്രിക്കറ്റ് ലോകം മുഴുവനും സാമ്പത്തിക നഷ്ടം അനുഭവിക്കേണ്ടി വരും. ബംഗ്ലദേശിനും വാര്‍ഷിക വിഹിതത്തില്‍ കുറവുണ്ടാകും. അത്തരം നഷ്ടമുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' എന്നായിരുന്നു ബിസിബിയുടെ ഡയറക്ടര്‍മാരില്‍ ഒരാളുടെ പ്രതികരണം. 'ഇന്ത്യയ്ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കുകയാണ് പാക്കിസ്ഥാനിപ്പോള്‍ ചെയ്യുന്നത്. ഐസിസിയിലെ ഇന്ത്യയുടെ ആധിപത്യത്തെ പാക്കിസ്ഥാന്‍ ചോദ്യം ചെയ്യുകയാണ്. ആ കാഴ്ചപ്പാടില്‍ നോക്കിയാല്‍ ഈ തീരുമാനത്തില്‍ കഴമ്പുണ്ട്'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഐസിസിയുടെ വാര്‍ഷിക വരുമാനത്തെ സാരമായി ബാധിക്കാന്‍ പോകുന്ന തീരുമാനമാണ് പാക്കിസ്ഥാന്‍റേത്. എല്ലാവരെയും  പോലെ ബംഗ്ലദേശും അതില്‍ ഭാഗവാക്കാണ്. ഉഗാണ്ടയും കെനിയയും ഒക്കെ 100,000–200,000  ഡോളര്‍ ലഭിച്ചാല്‍ തൃപ്തിപ്പെടുമാവും. പക്ഷേ ബംഗ്ലദേശിനെ നോക്കൂ, ഐസിസിയില്‍ നിന്നുള്ള വരുമാന വിഹിതം ഇടിഞ്ഞാല്‍ എങ്ങനെ മുന്നോട്ട് പോകാനാണ്?–ബിസിബി ഡയറക്ടര്‍മാരില്‍ മറ്റൊരാളും ചോദ്യമുയര്‍ത്തുന്നു. 

അതേസമയം ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് പാക്കിസ്ഥാന്‍. ഗൗരവമായ ആലോചയ്ക്ക് ശേഷം നിലവിലെ സാഹചര്യത്തില്‍ സ്വീകരിച്ച ഏറ്റവും ഉചിതമായ തീരുമാനമാണിതെന്നും മറിച്ചൊരു നിലപാടില്ലെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചു. എന്നാല്‍ ലോകകപ്പ് പോലെയൊരു ഇവന്‍റില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് കായികലോകത്തിന്‍റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യില്ലെന്നും പിസിബി എല്ലാവര്‍ക്കും ഗുണകരമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു ഇക്കാര്യത്തില്‍ ഐസിസിയുടെ പ്രതികരണം.

ഫെബ്രുവരി 15ന് കൊളംബോയിലാണ് ഇന്ത്യ–പാക്കിസ്ഥാന്‍ മല്‍സരം നിശ്ചയിച്ചിരുന്നത്. പിസിബിയും സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് നില്‍ക്കുന്നതെങ്കില്‍ കളി മുടങ്ങുന്നതോടെ ബ്രോഡ്കാസ്റ്റര്‍മാര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്താന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെടുകയോ പാക്കിസ്ഥാന്‍റെ വാര്‍ഷിക വിഹിതം തടഞ്ഞു വയ്ക്കുകയോ ചെയ്യാനാണ് ഐസിസിയുടെ നിലവിലെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ENGLISH SUMMARY:

The Bangladesh Cricket Board (BCB) has openly criticized Pakistan's decision to boycott the high-stakes India vs Pakistan match in the ICC T20 World Cup. Highlighting the massive financial implications, BCB officials stated that the absence of cricket's biggest rivalry would lead to a significant drop in ICC’s annual revenue, which in turn affects the fund distribution to other member nations like Bangladesh. While Pakistan Prime Minister Shehbaz Sharif remains firm on the boycott due to political tensions, the BCB expressed that such "selective participation" is detrimental to the sport's global appeal and financial health. The ICC has already warned of legal and financial repercussions, including withholding Pakistan's $35 million revenue share to compensate broadcasters. Bangladesh directors emphasized that they do not wish to suffer financial losses because of Pakistan's geopolitical stance. As the match scheduled for February 15 in Colombo hangs in the balance, the cricketing world is witnessing an unprecedented diplomatic crisis. Stay updated on BCB's stance and the ICC's potential Plan B for the tournament.