തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബ് സ്റ്റേഡിയത്തില്‍ ആരാധകരെ കയ്യിലെടുത്ത് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ടോസിന് ശേഷം സംസാരിക്കുന്നതിനിടെ 'ട്രിവാന്‍ഡ്രം, നിങ്ങൾ വിഷമിക്കേണ്ട, സഞ്ജു സാംസൺ ഇന്ന് കളിക്കുന്നുണ്ട്' എന്നായിരുന്നു സൂര്യകുമാറിന്‍റെ വാക്കുകള്‍. വലിയ ആവേശത്തോടെയാണ് ഗ്യാലറി സൂര്യയുടെ വാക്കുകളെ സ്വീകരിച്ചത്. നിങ്ങള്‍ക്ക് ആളുകളെ കയ്യിലെടുക്കാനറിയാം എന്നാണ് അവതാരകന്‍ സൈമൺ ഡൗൾ പറഞ്ഞത്.
അഞ്ചാം ട്വന്റി 20 ല്‍ ടോസ് നേടിയ ഇന്ത്യ ന്യൂസീലന്‍ഡിനെതിരെ ആദ്യം ബാറ്റു ചെയ്യും. അക്ഷർ പട്ടേലും ഇഷാൻ കിഷനും വരുൺ ചക്രവർത്തിയുമാണ് ടീമിലെ മാറ്റങ്ങള്‍. മഞ്ഞു വീഴ്ചയുള്ള സാഹചക്യത്തില്‍ സ്കോര്‍ പ്രതിരോധിക്കാന്‍ ബൗളര്‍മാരുടെ കരുത്തു പരീക്ഷിക്കുകയാണ് ആദ്യം ബാറ്റ് ചെയ്യുന്നതിലൂടെ ആഗ്രഹിക്കുന്നതെന്ന് സൂര്യകുമാര്‍ പറഞ്ഞു. ശേഷം ടീമിലെ മാറ്റങ്ങള്‍ പറയുന്നതിനിടെയാണ് സഞ്ജു സാംസൺ ഇന്ന് കളിക്കുന്നുണ്ടെന്ന കാര്യം സൂര്യകുമാര്‍ എടുത്തു പറഞ്ഞത്.
അതേസമയം, ആറു പന്ത് നേരിട്ട സഞ്ജു ആറു റണ്‍സിന് പുറത്തായി. ലോക്കി ഫെർഗൂസന്‍റെ പന്തില്‍ ബെവൺ ജേക്കബ്സ് ക്യാച്ചെടുക്കുകയായിരുന്നു. ഫെർഗൂസന്‍റെ ഫുൾ ലെങ്ത് ഡെലിവറിയില്‍ ക്രീസിലേക്ക് ഇറങ്ങി ലോഫ്റ്റഡ് ഡ്രൈവിന് ശ്രമിച്ച സഞ്ജുവിന്‍റെ ഷോട്ട് ഔട്ട്സൗഡ് എഡ്ജാവുകയായിരുന്നു.
ഇതോടെ ശ്രദ്ധേയമായ ങിസില്ലാതെയാണ് സഞ്ജു പരമ്പര അവസാനിപ്പിക്കുന്നത്. ആദ്യ മത്സരത്തില്‍ 10 റണ്‍സും രണ്ടാം മത്സരത്തില്‍ ആറു റണ്‍സുമാണ് സഞ്ജു നേടിയത്. മൂന്നാം മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ സഞ്ജു നാലാം മത്സരത്തില്‍ 24 റണ്‍സെടുത്തു.
തിലക് വര്‍മ ടീമിനെ സംബന്ധിച്ചിടത്തോളം മികച്ച കളിക്കാരനാണ്. പരിശീലന മത്സരങ്ങള്‍ കളിക്കുകയാണ്. അദ്ദേഗഹം തിരികെ എത്തുമ്പോള്‍ ടീം കൂടുതല്‍ കരുത്താകും. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങിയ എല്ലാ മേഖലകളിലും ഏകദേശം തയ്യാറെടുത്തു കഴിഞ്ഞു എന്നും സൂര്യകുമാര്‍ പറഞ്ഞു.
ഇന്ത്യന്‍ ടീം: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബൈ, അകസര്‍ പട്ടേല്‍, അര്‍ഷദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ