തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബ് സ്റ്റേഡിയത്തില്‍ അഞ്ചാം ട്വന്റി 20 ല്‍ ടോസ് നേടിയ ഇന്ത്യ ന്യൂസീലന്‍ഡിനെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണും വരുൺ ചക്രവർത്തിയും കളിക്കും. അക്ഷർ പട്ടേലും ഇഷാൻ കിഷനും ടീമില്‍ ഇടംപിടിച്ചു.
ജന്മനാട്ടിൽ ആദ്യമായി ഇന്ത്യൻ ടീമിന്റെ നീലക്കുപ്പായത്തിൽ ഇറങ്ങുന്ന സഞ്ജു സാംസൺ മിന്നിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഏറെ സമയം പരിശീലനത്തിനായി സഞ്ജു ചെലവഴിച്ചിരുന്നു.
റോബോ ആം ഉപയോഗിച്ചുള്ള പന്തുകളാണ് സഞ്ജു ഏറെയും നേരിട്ടത്. ലോകകപ്പിന് മുന്നോടിയായുള്ള അവസാന മത്സരം ആയതിനാൽ ഫോം വീണ്ടെടുക്കേണ്ടത് സഞ്ജുവിന് വളരെ പ്രധാനമാണ്. സഞ്ജുവിന് മേൽ സമ്മർദ്ദമൊന്നും ഇല്ലെന്ന് ടീം മാനേജ്മെൻറ് പ്രതികരിച്ചു.
മൂന്നു മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കി കഴിഞ്ഞു. നാലാംമല്‍സരം ജയിച്ച ന്യൂസിലൻന്‍ഡ് അവസാന മത്സരം കൂടി ജയിച്ച് മികവു കാട്ടാനാകും ശ്രമിക്കുക. ടിക്കറ്റ് മുഴുവൻ വിറ്റ് തീർന്നതിനാൽ കാര്യവട്ടം സ്റ്റേഡിയത്തിലെ ഏറ്റവും വലിയ പ്രേക്ഷക പങ്കാളിത്തത്തിനു കൂടി സാക്ഷിയാകും.