മുതിര്‍ന്ന നേതാക്കള്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കാത്തതിലും ഘടകകക്ഷികള്‍ക്ക് വാരിക്കോരി സീറ്റു നല്‍കിയതിലും ബി.ജെ.പിയില്‍ കടുത്ത ഭിന്നത നിലനില്‍ക്കെ കുമ്മനം രാജശേഖരനെ ആറന്‍മുളയില്‍ മത്സരിപ്പിക്കാന്‍ ധാരണ. ബിജെപിയുടെ രണ്ടാംസ്ഥാനാര്‍ഥി പട്ടികയില്‍ കുമ്മനം  ഉണ്ടാകുമെന്നുറപ്പായി. എന്നാല്‍ എം.ടി രമേശിന്റെ കാര്യത്തില്‍ തീരുമാനമായില്ല. പട്ടിക ഇന്ന് രാത്രിയോ നാളെയോ പ്രഖ്യാപിക്കും. 

 

കൂടിയാലോചനകളില്ലാതെയാണ് തീരുമാനങ്ങളെടുത്തതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ ഉന്നമിട്ട് ഒരുവിഭാഗം നേതാക്കള്‍ ആരോപിച്ചിരുന്നു. ആറന്മുള സീറ്റ് ബിഡിജെഎസിന് നല്‍കാനുള്ള നീക്കം സ്ഥിതി രൂക്ഷമാക്കി.  

 

Also Read:മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റില്ല; ഘടകകക്ഷികള്‍ക്ക് വാരിക്കോരി സീറ്റ്; ബിജെപിയില്‍ കടുത്ത ഭിന്നത

കാഞ്ഞിരപ്പള്ളിയില്‍ ടിക്കറ്റ് ലഭിക്കാതായതോടെ ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ നോബിള്‍ മാത്യു പരസ്യമായി കലാപക്കൊടി ഉയര്‍ത്തി. എം.ടി രമേശ്, പി.എസ് ശ്രീധരന്‍പിള്ള, ബി ഗോപാലകൃഷ്ണന്‍, ജെ.ആര്‍ പത്മകുമാര്‍, സി.കെ പത്മനാഭന്‍, ജിജി ജോസഫ്, എ.പി അബ്ദുള്ളക്കുട്ടി തുടങ്ങിയ നേതാക്കള്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. തൃശൂരില്‍ മല്‍സരിക്കാന്‍ ആഗ്രഹിച്ചിരുന്ന എം.ടി രമേശ് ഇനി മല്‍സരിക്കാനില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ചു. 

 

വലിയൊരു വിഭാഗം നേതാക്കളുടെയും സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമാകാത്തത് പാര്‍ട്ടിയില്‍ കലഹത്തിന് ഇടയാക്കി. ബിജെപി ഭരിക്കുന്ന നഗരസഭ ഉള്‍‌പ്പെടുന്ന തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂര്‍, ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന റാന്നി എന്നിവ ട്വന്‍റിക്ക് ട്വന്‍റിക്ക് നല്‍കിയതില്‍ കടുത്ത എതിര്‍പ്പുണ്ട്. തൃപ്പൂണിത്തുറയില്‍ സാബു എം ജേക്കബ് മല്‍സരിക്കണമെന്ന് ബിജെപി നിര്‍ബന്ധം പിടിച്ചെങ്കിലും ട്വന്‍റി ട്വന്‍റി അവഗണിച്ചു. കെ. ബാബു മല്‍സരിക്കാനില്ലെന്ന അനുകൂലസാഹചര്യമുണ്ടായിട്ടും തൃപ്പൂണിത്തുറയില്‍ പടിക്കല്‍ കലമുടച്ചുവെന്നാണ് ബിജെപിയിലെ ഒരുവിഭാഗത്തിന്‍റെ വിലയിരുത്തല്‍. കൊടുങ്ങല്ലൂരില്‍ ബി ഗോപാലകൃഷ്ണന്‍ പ്രചാരണത്തിന് ഒരുങ്ങുന്നതിനിടെയാണ് സീറ്റ് ട്വന്‍റി ട്വന്‍റിക്ക് നല്‍കിയത്. മണ്ഡലത്തിലെ സാമുദായിക സമവാക്യം പരിഗണിച്ചില്ലെന്നാണ് വിമര്‍ശനം. ആര്‍എസ്എസിനും എതിര്‍പ്പുണ്ട്.

ENGLISH SUMMARY:

Kummanam Rajasekharan will contest from Aranmula, a decision made amidst significant internal dissent within the BJP regarding the first list of candidates and seat allocations to allies. The party is also facing criticism for not including senior leaders in the initial candidate list and for awarding too many seats to coalition partners.