കുടിശിക തീർക്കാതെ സംസ്ഥാന സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം കടം നൽകാൻ കഴിയില്ലെന്ന് പമ്പ് ഡീലർമാർ. ഇന്ധന പമ്പുകൾക്കുള്ള ക്രെഡിറ്റ് സൗകര്യം എണ്ണക്കമ്പനികൾ നിർത്തലാക്കിയതിന് പിന്നാലെയാണ് ഡീലർമാരുടെ നടപടി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പമ്പ് ഡീലർമാർ കത്ത് നൽകി. ക്രെഡിറ്റ് സൗകര്യം എണ്ണക്കമ്പനികൾ പിൻവലിച്ചതിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശനിയാഴ്ച മുതൽ പമ്പുകളുടെ പ്രവർത്തനസമയം വെട്ടിച്ചുരുക്കാൻ ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് കാലമാണ്. സർക്കാർ വാഹനങ്ങൾക്കെല്ലാം നല്ല ഓട്ടമുള്ള സമയമാണെന്നിരിക്കെ ഇനി ഇന്ധനം കടം നൽകാൻ കഴിയില്ലെന്ന് കാണിച്ചാണ് മുഖ്യമന്ത്രിക്കടക്കം പമ്പ് ഡീലർമാർ കത്ത് നൽകിയത്. സംസ്ഥാനത്തെ പൊലീസ് വാഹനങ്ങൾക്ക് മാത്രം കടം നൽകിയ ഇന്ധനത്തിന്റെ തുക കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ഡീലർമാർക്ക് ലഭിച്ചിട്ടില്ല.
ഡീലർമാർ കമ്പനികളിൽനിന്ന് വാങ്ങുന്ന ഇന്ധനത്തിന്റെ തുക 5 ദിവസത്തിനുള്ളിൽ ക്രഡിറ്റ് വ്യവസ്‌ഥയിലാണ് ഇതുവരെ അടച്ചിരുന്നത്. പമ്പുകളിലെ വിൽപനയ്ക്ക് അനുസരിച്ച് 40 ലക്ഷം മുതൽ ഒരുകോടി രൂപ വരെ 18ശതമാനം പലിശയിലാണ് എണ്ണ കമ്പനികൾ ഡീലർമാർക്ക് ക്രഡിറ്റ് നൽകിയിരുന്നത്. അതുകൊണ്ടുതന്നെ സർക്കാർ വാഹനങ്ങൾക്ക് ഉൾപ്പടെ ഒരുമാസത്തെ വരെ ക്രഡിറ്റ് വ്യവസ്‌ഥയിൽ ഡീലർമാർ ഇന്ധനം നൽകിയിരുന്നു .എന്നാൽ എണ്ണക്കമ്പനികൾ ക്രഡിറ്റ് നിർത്തിയതോടെ മിക്ക ഡീലർമാരും പുതിയ ലോഡ് എടുക്കാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതോടെ കടം വീട്ടാതെ ഇനി ഇന്ധനം നൽകാനാവില്ലെന്ന ഡീലർമാരുടെ നിലപാട് സർക്കാൻ വാഹനങ്ങൾക്ക് ഉൾപ്പടെ തെരഞ്ഞെടുപ്പ് കാലത്ത് വൻ പ്രതിസന്ധിയുണ്ടാക്കും.