Image: Manorama
ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പെട്ടെന്ന് അപ്രത്യക്ഷമായി. 274 മില്യണ്‍ ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ട് എന്തിന് ഡീആക്റ്റിവേറ്റ് ചെയ്തെന്ന ചോദ്യമുന്നയിക്കുകയാണ് ആരാധകര്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം പുറത്തറിയുന്നത്.
സംഭവമറിഞ്ഞവരെല്ലാം @virat.kohli എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനായി ശ്രമിച്ചെങ്കിലും പേജ് അവൈലബിള്‍ അല്ലെന്നായിരുന്നു മറുപടി. ഒരുപക്ഷേ ലിങ്ക് തകരാറിലായേക്കാമെന്ന സ്ഥിരം മറുപടികളും കോലിയെ തേടിയവര്‍ക്ക് ലഭിക്കുന്നുണ്ട്. പെട്ടെന്നുണ്ടായ സംഭവം ആരാധകരെയെല്ലാം ആശങ്കയിലും ഭീതിയിലുമാഴ്ത്തിയെന്നാണ് എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോലിയുെട ട്വിറ്റര്‍ അക്കൗണ്ട് സജീവമാണെങ്കിലും വിഷയത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹമോ ഭാര്യ അനുഷ്കയോ തയ്യാറായിട്ടില്ല.
കോലിയെക്കുറിച്ചുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആരാധകര്‍ തിരഞ്ഞെടുക്കുന്ന അനുഷ്കയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ നിരവധി കമന്റുകളും സംശയങ്ങളും നിറയുകയാണ്. ആയിരക്കണക്കിനു ചോദ്യങ്ങള്‍ ഇതിനോടകം തന്നെ വന്നുകഴിഞ്ഞു. എന്നാല്‍ പ്രതികരിക്കാന്‍ അനുഷ്ക തയ്യാറായിട്ടില്ല. ഇരുവരും സമീപകാലത്ത് ആരാധകരില്‍ നിന്നും സോഷ്യല്‍മീഡിയകളില്‍ നിന്നും മാറിനില്‍ക്കുന്ന രീതിയാണ് പിന്തുടരുന്നത് എന്നതും ആരാധകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
കോലിയുടെ ഇന്‍സ്റ്റഗ്രാം പേജ് ഇല്ലാതായതോടെ ഇന്റര്‍നെറ്റ് നിറയെ പലതരത്തിലുള്ള അനുമാനങ്ങളും കഥകളും നിറയുകയാണ്. അടുത്ത കാലത്ത് കൂട്ടം തെറ്റി നടന്നുപോകുന്ന ഒരു പെന്‍ഗ്വിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത്കൂടി ചേര്‍ത്തുള്ള ചില മീമുകളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘നിഹിലിസ്റ്റ് പെൻഗ്വിൻ’ എന്ന കാപ്ഷനുള്‍പ്പെടെ ചേര്‍ത്താണ് ബ്ലാങ്കായി കിടക്കുന്ന കോലിയുടെ പേജിന്റെ സ്ക്രീന്‍ഷോട്ട് സഹിതം നല്‍കുന്നത്.
ഇത് പ്ലാറ്റ്ഫോമിൽ നിന്നുള്ള സ്ഥിരമായ പിന്മാറ്റമാണോ അതോ താൽക്കാലിക ഇടവേളയാണോ എന്നത് വ്യക്തമല്ല. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ ഫോളോ ചെയ്യുന്ന ഏഷ്യക്കാരന്‍ കൂടിയാണ് കോലി. എക്സിലൂടെ ഒരു പോസ്റ്റോ അറിയിപ്പോ വിവരങ്ങളോ പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകര്‍.
ഏറെക്കാലത്തിനു ശേഷം ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ നമ്പര്‍ വണ്‍ പൊസിഷന്‍ വീണ്ടെടുത്ത് തിളക്കത്തോടെ നില്‍ക്കുന്ന സമയത്താണ് കോലിയുടെ ഇന്‍സ്റ്റഗ്രാം പേജ് അപ്രത്യക്ഷമാകുന്നത്. ന്യൂസീലാൻഡിനെതിരെ നേടിയ 124 റൺസിന്റെ മാസ്റ്റർക്ലാസ് ഇന്നിങ്സിനു പിന്നാലെയായിരുന്നു കോലിയുടെ പുതിയ നേട്ടം.