ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം. ലോകകപ്പിന് മുന്നോടിയായുള്ള പരമ്പരയില്‍ സഞ്ജു സാംസണും കളത്തിലിറങ്ങും. അഞ്ച് മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ മല്‍സരം നാഗ്പൂരിലാണ്.
ഏകദിന പരമ്പര തോറ്റതിന്റെ നാണക്കേട് മറക്കാന്‍ കുട്ടിക്രിക്കറ്റില്‍ ജയം അനിവാര്യമാണ്. അടുത്തമാസം അമേരിക്കയില്‍ തുടങ്ങുന്ന ഐസിസി ട്വന്റി20 ടൂര്‍ണമെന്റിനായുള്ള മുന്നൊരുക്കമാണ് ഇന്ത്യയ്ക്ക് കിവീസിനെതിരായ പരമ്പര. ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയ സാഹചര്യത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി തിരിച്ചെത്തും.
ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ തകര്‍ത്തടിച്ച അഭിഷേക് ശര്‍മയ്ക്കൊപ്പം സഞ്ജു ബാറ്റിങ് ഓപ്പണ്‍ ചെയ്യുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. മൂന്നാമനായെത്തുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അടുത്ത കാലത്തെ ഫോമില്ലായ്മയ്ക്ക് ഈ പരമ്പരയില്‍ അന്ത്യമുണ്ടാകുമെന്നാണ് പ്രതീക്ഷ.
തിലക് വര്‍മയ്ക്ക് പകരമെത്തിയ ശ്രേയസ് അയ്യറും ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും കൂടിയാകുമ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിര കിവീസിനെ തച്ചുടയ്ക്കുമെന്ന് പ്രതീക്ഷിക്കാം. ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, ശിവം ദുബൈ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവരടങ്ങുന്ന ബോളിങ് നിരയില്‍ ഇന്ത്യയ്ക്ക് കാര്യമായ ആശങ്കകളില്ല.
പരുക്കേറ്റ തിലക് വര്‍മയും വാഷിങ്ടണ്‍ സുന്ദറും ആദ്യ മൂന്ന് മല്‍സരങ്ങളിലുണ്ടാകില്ലെന്ന് ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്. 31ന് തിരുവനന്തപുരം വേദിയാകുന്ന അഞ്ചാം ട്വന്റി20യില്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ സഞ്ജു കളിക്കാനിറങ്ങുമെന്നാണ് പ്രതീക്ഷ. അതേസമയം, മറുവശത്ത് ഏകദിന പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കിവീസ് ഇറങ്ങുന്നത്.