ട്വന്‍റി 20 ലോകകപ്പില്‍ കളിക്കുമോ ഇല്ലയോ എന്ന് ജനുവരി 21 നകം അറിയിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് നിര്‍ദ്ദേശിച്ച് ഐസിസി. സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കില്ലെന്ന് നിര്‍ബന്ധം തുടര്‍ന്നാല്‍ സ്കോട്ട്ലാന്‍ഡിനെ പകരക്കാരായി ഉള്‍പ്പെടുത്താന്‍ ഐസിസി തീരുമാനിച്ചതായാണ് വിവരം.
'അവരില്ലെങ്കില്‍ ഞങ്ങളും ഇല്ല'; പാക്കിസ്ഥാനെ ഇറക്കി ബംഗ്ലാദേശിന്റെ കളി; ലോകകപ്പിന് അടുത്ത പ്രതിസന്ധി
ഇന്ത്യയില്‍ കളിക്കുക അല്ലെങ്കില്‍ ലോകകപ്പ് മറക്കുക എന്നതാണ് ഐസിസി ബംഗ്ലാദേശിന് മുന്നില്‍വച്ച നിലപാട്. തീരുമാനം ബംഗ്ലാദേശിന്‍റെ കയ്യിലാണ്. ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനമെടുത്താല്‍ ഐസിസി മറ്റൊരു ടീമിനെ പ്രഖ്യാപിക്കും. നിലവിലെ റാങ്കിങ് പ്രകാരം അത് സ്കോട്ടലാന്‍ഡ് ആയിക്കാം എന്നാണ് ESPNCricinfo റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗ്രൂപ്പ് പൊളിക്കില്ല
ഇറ്റലി, ന്യൂസീലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍ എന്നിവരുള്ള ഗ്രൂപ്പ് പൊളിക്കാന്‍ ഐസിസി തയ്യാറല്ല. അയര്‍ലാന്‍ഡും ബംഗ്ലാദേശും ഗ്രൂപ്പ് മാറുക എന്ന നിര്‍ദ്ദേശത്തോടും ഐസിസി അനുകൂലമല്ല. ഗ്രൂപ്പ് ബിയിലേക്ക് മാറ്റി ഗ്രൂപ്പ് മത്സരങ്ങള്‍ ശ്രീലങ്കയില്‍ മാത്രമാക്കണം എന്നായിരുന്നു ബംഗ്ലാദേശിന്റെ ആവശ്യം. ബംഗ്ലാദേശിന് ഇന്ത്യയില്‍ നിലവില്‍ സുരക്ഷാ പ്രശനങ്ങളില്ലെന്നാണ് ഐസിസി നിലപാട്. രാജ്യാന്തര സുരക്ഷാ വിദഗ്ധർ നടത്തിയ വിലയിരുത്തലുകൾ ഐസിസി വിശദീകരിച്ചു.
ഇന്ത്യയിലേക്കില്ല; നിലവിലെ ഗ്രൂപ്പില്‍ കളിക്കില്ല; ഐസിസിക്ക് മുന്നില്‍ കളിയറിക്കി ബംഗ്ലാദേശ്
മത്സരക്രമം ഇങ്ങനെ
നിലവിലെ മത്സരക്രമം പ്രകാരം ബംഗ്ലാദേശിന്‍റെ ആദ്യ ഗ്രൂപ്പ് മത്സരം ഫെബ്രുവരി ഏഴിന് വെസ്റ്റ് ഇന്‍ഡീസിനെതിരെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ്. ഇതേ വേദിയില്‍ ഒന്‍പതാം തീയതി ഇറ്റലിയുമായാണ് രണ്ടാം മത്സരം. 14 ന് ഇംഗ്ലണ്ടിനെതിരെയും കൊല്‍ക്കത്തയിലാണ് ബംഗ്ലാദേശിന്‍റെ മത്സരം. അവസാനം ഗ്രൂപ്പ് മത്സരം ഫെബ്രുവരി 17 ന് നേപ്പാളിനെതിരെ മുംബൈയിലാണ്.
ബംഗ്ലാദേശ് ഇടയാന്‍ കാരണമെന്ത്?
ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇടഞ്ഞത്. ബംഗ്ലാദേശ് താരത്തെ ടീമിലെടുത്തതിന് എതിരെ ഹിന്ദു സംഘടനകളടക്കം രംഗത്തെത്തി. കൊല്‍ക്കത്ത ഫ്രാഞ്ചൈസി ഉടമ ഷാറൂഖ് ഖാനടക്കം ഭീഷണിയുമുണ്ടായി. ഇതിന് പിന്നാലായാണ് മുസ്തഫിസുറിനെ ഒഴിവാക്കാന്‍ ബിസിസിഐ നിര്‍ദ്ദേശം നല്‍കിയത്.
ഇതോടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സുരക്ഷാ കരണങ്ങള്‍ പറഞ്ഞ് ഇന്ത്യയില്‍ ട്വന്‍റി 20 ലോകകപ്പ് മത്സരങ്ങള്‍ കളിക്കില്ലെന്ന് നിലപാടെടുത്തത്. ബംഗ്ലാദേശില്‍ നടക്കുന്ന കലാപങ്ങള്‍ക്കിടെ ഹിന്ദുക്കള്‍ക്കെതിരെ നടന്ന ആക്രമണങ്ങളാണ് മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ ഉണ്ടായ വികാരത്തിന് കാരണം.