അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശിക്ക് മോശം തുടക്കം. യുഎസ്എയ്ക്ക് എതിരായ ആദ്യ മത്സരത്തില്‍ രണ്ടു റണ്‍സിനാണ് വൈഭവ് പുറത്തായത്. മഴമൂലം ഓവര്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ യുഎസ്എയെ ആറു വിക്കറ്റിന് തോല്‍പ്പിച്ചു.
മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ഇന്ത്യന്‍ വംശജനായ പേസര്‍ ഋത്വിക് അപ്പിഡിയുടെ പന്തിലാണ് വൈഭവ് പുറത്തായത്. നാലു പന്തില്‍ രണ്ടു റണ്‍സാണ് വൈഭവ് നേടിയത്. ലെഗ് സൈഡിലേക്ക് പവര്‍ഫുള്‍ ഷോട്ടിന് ശ്രമിക്കവെ വൈഭവ് ക്ലീൻ ബൗൾഡാവുകയായിരുന്നു. അണ്ടര്‍ 19 ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡിന് മുന്നില്‍ വച്ചാണ് വൈഭവ് പുറത്തായത്.
അണ്ടര്‍ 19 ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് കോലി. 978 റണ്‍സാണ് കോലിയുടെ സമ്പാദ്യം. നിലവില്‍ 975 റണ്‍സാണ് വൈഭവിനുള്ളത്. അടുത്ത മത്സരത്തില്‍ നാലു റണ്‍സ് നേടിയാല്‍ വൈഭവിന് റെക്കോര്‍ഡിടാം.
മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത യുഎസ്എ 35.2 ഓവറില്‍ 107 റണ്‍സിന് പുറത്തായി. നിതീഷ് സുധിനിയുടെ 36 റണ്‍സാണ് യുഎസ്എയ്ക്ക് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്. മഴമൂലം തടസപ്പെട്ട മത്സരം രണ്ടാം ഇന്നിംഗ്സ് 37 ഓവറാക്കി ചുരുക്കി വിജയലക്ഷ്യം 99 റണ്‍സാക്കി നിശ്ചയിച്ചു. 17.2 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. അഭിജ്ഞാൻ കുണ്ടു 42 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ആയുഷ് മാത്രെ 19 റണ്‍സെടുത്തു.