രാജ്കോട്ട് ഏകദിനത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 284 റൺസെടുത്തു. കെ.എൽ.രാഹുലിന്റെ (92 പന്തിൽ 112*) സെഞ്ചറിയുടെയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ (53 പന്തിൽ 56) അർധസെഞ്ചറിയുടെയും ബാറ്റിങ് കരുത്തിലാണ് ഇന്ത്യ മാന്യമായ സ്കോറിലെത്തിയത്. 87 പന്തില്‍നിന്നായിരുന്നു രാഹുലിന്റെ സെഞ്ചറി നേട്ടം. കെ.എല്‍.രാഹുലിന്റെ എട്ടാം ഏകദിന സെഞ്ചുറിയാണിത്. 11 ഫോറും ഒരു സിക്സുമാണ് രാഹുലിന്റെ ബാറ്റിൽനിന്നു പിറന്നത്. 49–ാം ഓവറിൽ കൈൽ ജാമിസനെ സിക്സർ പറത്തിയാണ് രാഹുൽ സെഞ്ചറി തികച്ചത്.
Also Read: ബദോനി എങ്ങനെ ടീമിലെത്തി? കാരണം വ്യക്തമാക്കി കോച്ച്
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശർമയും (38 പന്തിൽ 34) ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. ആദ്യ ഓവറുകളിൽ പതറിയെങ്കിലും പവർപ്ലേ അവസാനിക്കുമ്പോൾ ഇന്ത്യൻ സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 57ൽ എത്തി. 11–ാം പന്തിലാണ് രോഹിത് ആദ്യ റൺ നേടിയത്. അക്കൗണ്ട് തുറക്കാൻ ഇത്രയും ബോളുകൾ രോഹിത് നേരിട്ടത് ഇതിനു മുൻപ് ഒരിക്കൽ മാത്രമാണ്. 2010ൽ സിംബാബ്‌വെയ്ക്കെതിരെ 13–ാം പന്തിലാണ് രോഹിത് ആദ്യ റൺസ് കുറിച്ചത്. എങ്കിലും പിന്നീട് നാല് ബൗണ്ടറികൾ താരം നേടി. 13–ാം ഓവറിൽ വിൽ യങ്ങിന്റെ കൈകളിൽ എത്തിച്ച് ക്രിസ്റ്റ്യൻ ക്ലാർക്കാണ് രോഹിത്തിനെ പുറത്താക്കിയത്. ഒന്നാം വിക്കറ്റിൽ രോഹിത്തും ഗില്ലും ചേർന്ന് 70 റൺസ് നേടി.
പിന്നാലെ ക്രീസിലെത്തിയ കോലി പ്രതീക്ഷിച്ച ഫോമിലേക്കുയര്‍ന്നില്ല. 29 പന്തിൽ 23 റൺസെടുത്ത കോലിയെ ക്രിസ്റ്റ്യൻ ക്ലാർക്ക് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച കെ.എൽ.രാഹുൽ– രവീന്ദ്ര ജഡേജ സഖ്യമാണ് ഇന്ത്യൻ ഇന്നിങ്സിനെ കൂട്ടത്തകർച്ചയിൽനിന്നു രക്ഷിച്ചത്. ഇരുവരും ചേർന്ന് 73 റൺസെടുത്തു. ക്ഷമയോടെ ബാറ്റു വീശിയ ഇരുവരും വിക്കറ്റു പോകാതെ കാത്തു. 44 പന്തിൽ 27 റൺസെടുത്ത രവീന്ദ്ര ജഡേജ, 39–ാം ഓവറിൽ വീണതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. അപ്പോഴേയ്ക്കും ഇന്ത്യൻ സ്കോർ 191ൽ എത്തിയിരുന്നു. എങ്കിലും മറുവശത്ത് കെ.എൽ.രാഹുൽ നിലയുറപ്പിക്കുകയായിരുന്നു. ജഡേജയ്ക്കു പിന്നാലെയെത്തിയ നിതീഷ് കുമാർ റെഡ്ഡി (21 പന്തിൽ 20), ഹർഷിത് റാണ (4 പന്തിൽ 2), മുഹമ്മദ് സിറാജ് (3 പന്തിൽ 2*) എന്നിവരെ കൂട്ടുപിടിച്ച് രാഹുൽ ഇന്ത്യൻ സ്കോർ 280 കടത്തുകയായിരുന്നു.