badoni-india

വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായി  ആയുഷ് ബദോനിയെ തിരഞ്ഞെടുത്തതിൽ വ്യാപകമായ വിമർശനങ്ങൾ ഉയർന്നതോടെ വിശദീകരണവുമായി ടീം മാനേജ്‌മെന്റ്. ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷു കൊട്ടക് ആണ് ബദോനിയുടെ സെലക്ഷന് പിന്നിലെ കാരണം വ്യക്തമാക്കിയത്. വിജയ് ഹസാരെ ട്രോഫിയിൽ മികച്ച ഫോമിലുള്ള ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്‌ക്‌വാദ് തുടങ്ങിയവരെ തഴഞ്ഞാണ് ബദോനിയെ ന്യൂസിലന്‍ഡ് പരമ്പരയ്ക്കായി ടീമിലെടുത്തത്. ഇതിനെതിരെ ആരാധകര്‍വലിയ പ്രതിഷധമുയര്‍ത്തിയിരുന്നു.

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് മാനേജ്മെന്‍റ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. കേവലം ഒരു ബാറ്ററെയല്ല, മറിച്ച് അഞ്ചോ ആറോ ഓവർ പന്തെറിയാൻ കഴിയുന്ന ഒരു ഓൾറൗണ്ടറെയാണ് ടീമിന് ആവശ്യം. കഴിഞ്ഞ മത്സരത്തിൽ സുന്ദറിന് പരുക്കേറ്റപ്പോൾ അദ്ദേഹത്തിന്റെ ഓവറുകൾ പൂർത്തിയാക്കാൻ മറ്റൊരു ബോളർ ഇല്ലാതെ നമ്മൾ കഷ്ടപ്പെട്ടു. ആ സാഹചര്യത്തിലാണ് ബാറ്റിങ്ങിനൊപ്പം കുറച്ച് ഓവറുകൾ പന്തെറിയാൻ കൂടി കഴിയുന്ന ഒരാളെ ഞങ്ങൾ പരിഗണിച്ചത്." - സിതാൻഷു കൊട്ടക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

27 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്നായി 36.47 ശരാശരിയിൽ 693 റൺസാണ് ബദോനി നേടിയിട്ടുള്ളത്. ഇതില്‍ ഒരു സെഞ്ചറിയും അഞ്ച് അർധസെഞ്ചറികളും ഉൾപ്പെടുന്നു. 18 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. വഡോദരയിൽ നടന്ന ആദ്യ ഏകദിനത്തിനിടെയാണ് വാഷിംഗ്ടൺ സുന്ദറിന് വാരിയെല്ലിന് പരുക്കേറ്റത്. ബോളിങിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച താരം അഞ്ച് ഓവർ എറിഞ്ഞ ശേഷം കളം വിട്ടിരുന്നു. എന്നാൽ ഇന്ത്യയുടെ ബാറ്റിംഗിനിടെ എട്ടാം നമ്പറിൽ താരം ബാറ്റ് ചെയ്യാൻ ഇറങ്ങി.

ENGLISH SUMMARY:

Ayush Badoni selection in the ODI series has sparked controversy. Team management clarified that they needed an all-rounder who could bowl a few overs, especially after Washington Sundar's injury.