കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം
ട്വന്‍റി 20 ലോകകപ്പ് മത്സരവേദി ഇന്ത്യയില്‍ നിന്നും മാറ്റണമെന്ന ബംഗ്ലാദേശ് ആവശ്യം ഐസിസി അംഗീകരിക്കില്ലെന്ന് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയ്ക്ക് പകരം ദക്ഷിണേന്ത്യയിലെ രണ്ടു വേദികളാണ് ഐസിസി ബംഗ്ലാദേശിന് മുന്നില്‍ വച്ചത്. 48 മണിക്കൂറിനുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരും.
നിലവില്‍ കൊല്‍ക്കത്തയും മുംബൈയുമാണ് ബംഗ്ലാദേശിന്‍റെ ഗ്രൂപ്പ് മത്സരങ്ങളുടെ വേദി. ഇവയ്ക്ക് പകരം ചെന്നൈയും തിരുവനന്തപുരവും പരിഗണിച്ചേക്കാം എന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനത്തോട് അനുകൂലമാകുമോ എന്നതില്‍ വ്യക്തതയില്ല. ചെന്നൈയില്‍ കളിക്കുമോ എന്ന ചോദ്യത്തിന് ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ അമിനുള്‍ ഇസ്‍ലാം പറഞ്ഞത്.
ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയവും തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവുമാണ് പരിഗണനയിലുള്ളത്. ഇരു ക്രിക്കറ്റ് ബോര്‍ഡുകളും മത്സരം നടത്താനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചെപ്പോക്ക് സ്റ്റേഡിയം ലോകകപ്പ് മത്സരങ്ങളുടെ വേദിയാണ്. ഏഴു മത്സരങ്ങളാണ് നിലവില്‍ ഇവിടെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വനിതകളുടെ ഏകദിന പരമ്പരയിലെ മത്സരങ്ങള്‍ കഴിഞ്ഞ മാസം നടന്നിരുന്നു.
ട്വന്‍റി 20 ലോകകപ്പ് ആരംഭിക്കാന്‍ ഒരു മാസത്തില്‍ താഴെ സമയം ബാക്കി നില്‍കെ രണ്ടു ദിവസത്തിനകം ഇക്കാര്യത്തില്‍ ഐസിസി അന്തിമ തീരുമാനം കൈകൊള്ളും. നിലവിലെ ഫിക്ചര്‍ പ്രകാരം ബംഗ്ലാദേശിന്‍റെ ആദ്യ ഗ്രൂപ്പ് മത്സരം ഫെബ്രുവരി ഏഴിന് വെസ്റ്റ് ഇന്‍ഡീസിനെതിരെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ്. ഇതേ വേദിയില്‍ ഒന്‍പതാം തീയതി ഇറ്റലിയുമായാണ് രണ്ടാം മത്സരം. 14 ന് ഇംഗ്ലണ്ടിനെതിരെയും കൊല്‍ക്കത്തയിലാണ് ബംഗ്ലാദേശിന്‍റെ മത്സരം. അവസാനം ഗ്രൂപ്പ് മത്സരം ഫെബ്രുവരി 17 ന് നേപ്പാളിനെതിരെ മുംബൈയിലാണ്.
ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇടഞ്ഞത്. ബംഗ്ലാദേശ് താരത്തെ ടീമിലെടുത്തതിന് എതിരെ ഹിന്ദു സംഘടനകളടക്കം രംഗത്തെത്തിയിരുന്നു. കൊല്‍ക്കത്ത ഫ്രാഞ്ചൈസി ഉടമ ഷാറൂഖ് ഖാനടക്കം ഭീഷണിയുമുണ്ടായി. ഇതിന് പിന്നാലായാണ് മുസ്തഫിസുറിനെ ഒഴിവാക്കാന്‍ ബിസിസിഐ നിര്‍ദ്ദേശം നല്‍കിയത്.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സുരക്ഷാ കരണങ്ങള്‍ പറഞ്ഞാണ് ട്വന്‍റി 20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ കളിക്കില്ലെന്ന് നിലപാടെടുത്തത്. ബംഗ്ലാദേശില്‍ നടക്കുന്ന കലാപങ്ങള്‍ക്കിടെ ഹിന്ദുക്കള്‍ക്കെതിരെ നടന്ന ആക്രമണങ്ങളാണ് മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ ഉണ്ടായ വികാരത്തിന് കാരണം.