വനിതാ പ്രീമിയര്‍ ലീഗിലെ ത്രില്ലറില്‍ മുംബൈ ഇന്ത്യന്‍സിനെ മൂന്നുവിക്കറ്റിന് തോല്‍പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. അവസാന പന്തില്‍ ബൗണ്ടറി നേടി ദക്ഷിണാഫ്രിക്കന്‍ താരം നദീന്‍ ഡി ക്ലര്‍ക്കാണ് ബെംഗളൂരുവിന് ജയമൊരുക്കിയത്. 25 പന്തില്‍ 45 റണ്‍സെടുത്ത മലയാളി താരം സജന സജീവനാണ് മുംബൈ ഇന്ത്യന്‍സ് നിരയിലെ ടോപ് സ്കോറര്‍.
അവസാന ഓവറില്‍ ബെംഗളൂരുവിന് ജയിക്കാന്‍ 18 റണ്‍സ്. ആദ്യ രണ്ടുപന്തില്‍ നിന്ന് ഒരു റണ്‍ പോലും നേടാന്‍ ഡി ക്ലര്‍ക്കിനായില്ല. എന്നാല്‍ അവസാന നാലുപന്തും അതിര്‍ത്തി കടത്തി നദീന്റെ തിരിച്ചുവരില്‍ ബെംഗളൂരുവിന് അവിശ്വസനീയ ജയം. 155 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ RCB ഒരുവിക്കറ്റിന് 47 റണ്‍സില്‍ നിന്ന് 65ന് അഞ്ച് എന്നനിലയിലേക്ക് പതിച്ചു.
ആറാമതായി ക്രീസിലെത്തിയ നദീന്‍ 63 റണ്‍സ് നേടി. രണ്ടുവട്ടം നദീനെ ഫീല്‍ഡര്‍മാര്‍ കൈവിട്ടു. നാലുവിക്കറ്റും വീഴ്ത്തിയ നദീനാണ് മല്‍സരത്തിലെ താരം. മുംബൈ ആറുവിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. സജന സജീവനും നിക്കോള കാരിയും ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 11 ഓവറില്‍ നാലിന് 67 എന്ന നിലയില്‍ മുംബൈ പതറുമ്പോഴാണ് സജന ക്രീസിലെത്തുന്നത്. രണ്ടക്കം കടക്കും മുമ്പ് ബെംഗളൂരു ഫീല്‍ഡര്‍മാര്‍ രണ്ടുവട്ടം കൈവിട്ട സജന 25 പന്തില്‍ 45 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 82 റണ്‍സാണ് മുംബൈയെ 154 റണ്‍സിലെത്തിച്ചത്. നിക്കോള 40 റണ്‍സ് നേടി പുറത്തായി.