വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ന് കലാശപ്പോര്. നാലാം തവണയും ഫൈനലിലെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സും മുന്‍ ചാംപ്യന്‍മാരായ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സും ഏറ്റുമുട്ടും. വൈകിട്ട് ഏഴരയ്ക്ക് വഡോദരയിലാണ് പോരാട്ടം. 

വനിതാ പ്രീമിയര്‍ ലീഗ് തുടങ്ങിയ 2023 മുതല്‍ ഡല്‍ഹി കലാശപ്പോരില്‍ കലമുടയ്ക്കുന്നുണ്ട്. നാലാം തവണ ഫൈനലിനിറങ്ങുമ്പോള്‍ കിരീടമല്ലാതെ മറ്റൊന്നും ജമീമ റോഡ്രീഗ്സിന്റെ ടീം ആഗ്രഹിക്കുന്നില്ല. ഇത്തവണ 2024 ഫൈനലിന്റെ ആവര്‍ത്തനമാണ്. അന്നും ഇന്നും അടുത്ത സുഹൃത്തായ സ്മൃതി മന്ഥനയുടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് എതിരാളികള്‍. മൈതാനത്തിന് പുറത്തും അകത്തും അടുത്ത സുഹൃത്തുക്കളുടെ നേര്‍ക്കുനേര്‍ പോരാട്ടം. ഗ്രൂപ്പ് സ്റ്റേജില്‍ എട്ടില്‍ ആറിലും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ആര്‍.സി.ബി ഫൈനലിലെത്തിയത്.  ഡല്‍ഹി എട്ടില്‍ നാലും ജയിച്ച് എലിമിനേറ്ററില്‍ ഗുജറാത്തിനെതിരെ ആധികാരിക ജയം സ്വന്തമാക്കി ഫൈനലിലെത്തി. 

 

ഫൈനലിലേക്ക് നേരിട്ട് യോഗ്യതനേടി ഒരാഴ്ചയ്ക്ക് ശേഷമാണ് ബെംഗളൂരു കലാശപ്പോരിനിറങ്ങുന്നത്. സ്മൃതി മന്ഥന, റിച്ച ഘോഷ്, എലിസ് പെറി എന്നിവരടങ്ങുന്ന ബാറ്റിങ് നിരയും രേണുക സിങ്, കശ്വീ ഗൗതം,രാജേശ്വരി ഗെയ്ക്‍വാദ് തുടങ്ങിയവരുടെ ബോളിങ് നിരയുമാണ് ബെംഗളൂരുവിന്റെ കരുത്ത്. മറുവശത്ത് ജെമീമയും ഷഫാലി വര്‍മയും ലിസ് ലീയും ഉള്‍പ്പെടുന്ന ബാറ്റിങ് നിരയും നന്ദിനി ശര്‍മ, മെറിസാന്‍ കാപ്പ്, മിന്നുമണി തുടങ്ങിയവരടങ്ങുന്ന ബോളിങ് നിരയും ഡല്‍ഹിക്ക് ആത്മവിശ്വാസമാണ്.

ലോകകപ്പ് സെമിയിലെന്നപോലെ എലിമിനേറ്ററിലും കളിയിലെ താരമായ ജെമീമയുടെ ആരാധകപ്പട ഡല്‍ഹിക്ക് ഊര്‍ജമാണ്. ഈ സീസണില്‍ ഇരുടീമുകളും നേരിട്ടേറ്റുമുട്ടിയപ്പോള്‍ ജയം ഡല്‍ഹിക്കൊപ്പമായിരുന്നു. ബോളര്‍മാരെ തുണയ്ക്കുന്ന വഡോദരയിലെ പിച്ചില്‍ ഇരുടീമുകളുടേയും ബോളിങ് നിരയുടെ മികവായിരിക്കും ഫലം നിര്‍ണയിക്കുന്നത്. 

ENGLISH SUMMARY:

The Women's Premier League final will see a clash between Delhi Capitals and Royal Challengers Bangalore. Both teams are strong contenders aiming for the championship title.