വിഷ്ണു വിനോദിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ വിജയ് ഹസാരെ ട്രോഫിയില്‍ പുതുച്ചേരിക്കെതിരെ കേരളത്തിന് വമ്പന്‍ വിജയം. വിഷ്ണു 162 റണ്‍സ് അടിച്ചെടുത്തപ്പോള്‍ കേരളം 29ാം ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ടൂര്‍ണമെന്റ് ചരിത്രത്തില്‍ സിക്സറുകളുടെ എണ്ണത്തില്‍ വിഷ്ണു വിനോദ് രണ്ടാം സ്ഥാനത്തെത്തി. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ നാലാംജയമാണ്.
84 പന്തിൽ 162 റൺസുമായി വിഷ്ണു വിനോദ്. പുതുച്ചേരി ഉയര്‍ത്തിയ 248 റൺസ് വിജയലക്ഷ്യം മറികടക്കാന്‍ കേരളത്തിന് വേണ്ടിവന്നത് വെറും 29 ഓവര്‍. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ തലത്തിൽ തിരിച്ചെത്തിയ വിഷ്ണു വിനോദിന്റെ 13 ഫോറും 14 സിക്സറും അടങ്ങിയ ഇന്നിങ്സാണ് വമ്പന്‍ ജയം ഒരുക്കിയത്. വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ സിക്സറുകളില്‍ സെഞ്ചുറി തികയ്ക്കുന്ന മൂന്നാമത്തെ മാത്രം താരമായി വിഷ്ണു. അര്‍ധസെഞ്ചുറി പിന്നിടാന്‍ വിഷ്ണുവിന് വേണ്ടിവന്നത് 36 പന്തുകള്‍. 63 പന്തിൽ സെഞ്ചുറി പൂർത്തിയാക്കി. അവസാന 62 റണ്‍സ് നേടാന്‍ വേണ്ടിവന്നത് വെറും 21 പന്തുകള്‍.
വിജയ് ഹസാരെ ട്രോഫിയിൽ കേരള താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോര്‍ഡും വിഷ്ണു സ്വന്തമാക്കി. 2014-ൽ കേരള ടീമിൽ അരങ്ങേറ്റം കുറിച്ച വിഷ്ണു, പിന്നീട് പരിക്കുകളും ടീമിലെ മാറ്റങ്ങളും മൂലം ദേശീയ ശ്രദ്ധയിൽ നിന്ന് മാറിനിന്നിരുന്നു. ഐപിഎലില്‍ പഞ്ചാബ് കിങ്സ് നിലനിര്‍ത്തിയ താരമാണ് വിഷ്ണു വിനോദ്.