വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിനെതിരെ തകര്‍പ്പന്‍ പ്രകടനവുമായി മുംബൈ താരം സർഫ്രാസ് ഖാൻ. മത്സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ താരം 20 പന്തിൽ 62 റൺസെടുത്താണ് പുറത്തായത്. പഞ്ചാബ് ക്യാപ്റ്റനും ഇന്ത്യയുടെ ട്വന്റി20 ഓപ്പണറുമായ അഭിഷേക് ശർമയാണ് സര്‍ഫ്രാസിന്‍റെ ബാറ്റിന്‍റെ ചൂട് ശരിക്കറിഞ്ഞത്. മുപ്പത് റണ്‍സാണ് അഭിഷേക് എറിഞ്ഞ ഓവറില്‍ താരം നേടിയത്. മുംബൈ ഇന്നിങ്സിന്‍റെ പത്താം ഓവറിലായിരുന്നു വെടിക്കെട്ട്.
ആദ്യ പന്തില്‍ സിക്സടിച്ചാണ് അഭിഷേകിനെതിരെ തുടങ്ങിയത്. അടുത്ത പന്തില്‍ ഫോര്‍. ഒന്നിടവിട്ട പന്തുകളില്‍ സിക്സും ഫോറും തുടർച്ചയായി പായിച്ചതോടെ ഓവറില്‍ പിറന്നത് 30 റണ്‍സ്. 6, 4, 6, 4, 6 ,4 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോറിങ്. ഇതോടെ 15 പന്തിൽ സർഫ്രാസ് അർധസെഞ്ചറിയും പൂർത്തിയാക്കി. ഒടുവില്‍ മയാങ്ക് മാർക്കണ്ഡെയാണ് സര്‍ഫ്രാസിനെ പുറത്താക്കിയത്. 30 പന്തില്‍ 5 സിക്സും ഏഴും ഫോറും അടങ്ങുന്നതാണ് സര്‍ഫ്രാസിന്‍റെ ഇന്നിങ്സ്.
എന്നാല്‍ സര്‍ഫ്രാസിന്‍റെ പ്രകടനത്തിനും മുംബൈയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. 216 റണ്‍സ് വിജയലക്ഷ്യവുമായിറിങ്ങിയ മുംബൈ 215ന് ഓള്‍ഔട്ടായി. മൂന്നാമനായി സര്‍ഫ്രാസ് പുറത്തായതിന് ശേഷമായിരുന്നു മുംബൈയുടെ കൂട്ടത്തകര്‍ച്ച. 76 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച 7 വിക്കറ്റും കളഞ്ഞുകുളിച്ചാണ് മുംബൈയുടെ തോല്‍വി. നാല് വിക്കറ്റ് വീതം വീഴ്ത്തിയ മയാങ്ക് മാർക്കണ്ഡെയും ഗുര്‍നൂര്‍ ബ്രാറുമാണ് മുംബൈ ബാറ്റര്‍മാരെ എറിഞ്ഞുവീഴ്ത്തിയത്.