വിജയ് ഹസാരെ ട്രോഫിയില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ തമിഴ്നാടിനോട് തോറ്റ് കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. നിര്‍ണായക മത്സരത്തില്‍ 78 റണ്‍സിനായിരുന്നു കേരളത്തിന്‍റെ തോല്‍വി. തമിഴ്നാട് ഉയര്‍ത്തിയ 295 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കേരളം 40.2 ഓവറില്‍ 217 റണ്‍സിന് ഓൾ ഔട്ടായി. 73 റണ്‍സെടുത്ത ക്യാപ്റ്റൻ രോഹന്‍ കുന്നുമ്മലാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. സ്കോര്‍ തമിഴ്നാട് 50 ഓവറില്‍ 294-8, കേരളം 40.2 ഓവറില്‍ 217ന് ഓള്‍ ഔട്ട്.

ക്വാര്‍ട്ടറിലെത്താന്‍ മികച്ച റണ്‍റേറ്റിലുള്ള വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ സഞ്ജു സാംസണ് പകരം ടീമിലെത്തിയ കൃഷ്ണ പ്രസാദും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന്  മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 റണ്‍സടിച്ചു. കൃഷ്ണപ്രസാദ് പുറത്തായതിന് ശേഷമെത്തിയ ബാബ അപരാജിതിനെ കൂട്ടുപിടിച്ച് രോഹന്‍ സ്കോറുയര്‍ത്തിയെങ്കിലും 16–ാം ഓവറില്‍ രോഹന്‍ പുറത്തായി. പിന്നീട് കണ്ടത് കൂട്ടത്തകര്‍ച്ച. 47റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച 7 വിക്കറ്റുകള്‍  കേരളത്തിന് നഷ്ടമായി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത തമിഴ്നനാട് എന്‍ ജഗദീശന്‍റെ സെഞ്ചറി കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. കേരളത്തിനായി ഏദന്‍ ആപ്പിള്‍ ടോം 6 വിക്കറ്റ് വീഴ്ത്തി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ത്രിപുരയോട് ജാര്‍ഖണ്ഡ് തോല്‍വി വഴങ്ങിയതിനാല്‍ തമിഴ്നാടിനെതിരെ മികച്ച മാര്‍ജിനില്‍ ജയിച്ചിരുന്നെങ്കില്‍ കേരളത്തിന് ക്വാര്‍ട്ടറിലെത്താമായിരുന്നു. അവസാന മത്സരത്തില്‍ കര്‍ണാടകയെ തോല്‍പിച്ച മധ്യപ്രദേശ് ആണ് ഗ്രൂപ്പ് എയില്‍ നിന്ന് നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ച കര്‍ണാടകയ്‌ക്കൊപ്പം ക്വര്‍ട്ടറിലെത്തിയത്. ഏഴ് കളികളില്‍ നാലു ജയവും മൂന്ന് തോല്‍വിയും അടക്കം 16 പോയന്‍റ് നേടിയ കേരളം ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ENGLISH SUMMARY:

Vijay Hazare Trophy sees Kerala's exit after losing to Tamil Nadu in the final group stage match. The team faced a 78-run defeat, failing to qualify for the quarter-finals.