വിജയ് ഹസാരെ ആഭ്യന്തര ടൂര്‍ണമെന്റില്‍ തിളങ്ങി രാജ്യാന്തര താരങ്ങള്‍. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ കേരളത്തിനായി സെഞ്ചുറി നേടി. വെടിക്കെട്ട് സെഞ്ചുറിയുമായി ഹര്‍ദിക് പാണ്ഡ്യ ബറോഡയ്ക്കായി തിളങ്ങി. ഋഷഭ് പന്ത് അര്‍ധസെഞ്ചറി നേടി ഡല്‍ഹിക്ക് ജയമൊരുക്കി.
വിദര്‍ഭയ്ക്കെതിരെ ഒരോവറില്‍ അഞ്ച് സിക്സര്‍ ഉള്‍പ്പടെ 34 റണ്‍സ് നേടിയാണ് ബറോഡ താരമായ ഹര്‍ദിക് പാണ്ഡ്യ സെഞ്ചറിയിലേക്ക് എത്തിയത്. 11 സിക്സറുകളും എട്ടു ഫോറുകളും ഉള്‍പ്പടെ 93 പന്തിൽ 133 റണ്‍സ്. ഒരു ഘട്ടത്തിൽ അഞ്ചിന് 71 റണ്‍സെന്ന നിലയില്‍ ബറോഡ തകര്‍ന്നുനില്‍ക്കുമ്പോഴാണ് പാണ്ഡ്യ ടീമിന്റെ രക്ഷകനായത്. 26 റൺസെടുത്ത വിഷ്ണു സോളങ്കിയാണ് ബറോഡ നിരയിലെ രണ്ടാമത്തെ ടോപ് സ്കോറർ. എന്നാല്‍ ബറോഡ ഉയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യം ഒരുവിക്കറ്റ് മാത്രം നഷ്ടത്തില്‍ വിദര്‍ഭ മറികടന്നു. ജാര്‍ഖണ്ഡിനെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജു 90 പന്തില്‍ നിന്നാണ് സെഞ്ചുറി നേടിയത്. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ 124 റണ്‍സെടുത്തു. ഓപ്പണിങ്ങ് വിക്കറ്റില്‍ 212 റണ്‍സ് ചേര്‍ത്തതോടെ 312 റണ്‍സ് വിജയലക്ഷ്യം കേരളം അനായാസം മറികടന്നു. ഡല്‍ഹിക്കായി ക്യാപ്റ്റന്‍ ഋഷഭ് പന്ത് 37 പന്തില്‍ 67 റണ്‍സുമായി വിജയമൊരുക്കി.സര്‍വീസസിനെ എട്ടുവിക്കറ്റിനാണ് ഡല്‍ഹി തോല്‍പിച്ചത്.