ഇന്ത്യന്‍ ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ വെട്ടിലാക്കി സിനിമ–സീരിയല്‍ താരവും മോഡലുമായ ഖുശി മുഖര്‍ജി. സൂര്യകുമാര്‍ യാദവ് തനിക്ക് സ്ഥിരമായി മെസേജുകള്‍ അയക്കാറുണ്ടായിരുന്നുവെന്നാണ് ഖുശിയുടെ തുറന്നുപറച്ചില്‍. മുംബൈയില്‍ E24നോട് സംസാരിക്കുകയായിരുന്നു അവര്‍. ‘ഒട്ടേറെ ക്രിക്കറ്റ് താരങ്ങള്‍ എന്‍റെ പിന്നാലെയാണ്. സൂര്യകുമാര്‍ യാദവ് എന്നൊരു കളിക്കാരനില്ലേ, അയാള്‍ എനിക്ക് സ്ഥിരമായി മെസേജുകള്‍ അയക്കാരുണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറില്ല.’ – ഖുഷി E24നോട് പറഞ്ഞു.
തനിക്ക് അത്തരത്തിലുള്ള ബന്ധങ്ങള്‍ ആവശ്യമില്ലെന്ന് ഖുശി തുടര്‍ന്നുപറയുന്നു. ആരുമായും തന്നെ ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വരുന്നത് ഇഷ്ടമല്ല. വാസ്തവത്തില്‍ ഒരാളുമായും തന്നെ ബന്ധപ്പെടുത്തുന്നത് ഇഷ്ടമല്ലെന്നുപറഞ്ഞാണ് താരം സംഭാഷണം അവസാനിപ്പിക്കുന്നത്. മൂന്ന് സിനിമകളിലും ഒട്ടേറെ സീരിയലുകളിലും ഒടിടി സീരിസുകളിലും അഭിനയിച്ചിട്ടുള്ള താരമാണ് ഖുഷി മുഖര്‍ജി. കൊല്‍ക്കത്ത സ്വദേശിയായ ഖുഷി മോഡലിങ്ങിലും കൈവച്ചിട്ടുണ്ട്. സൂര്യകുമാറിനെക്കുറിച്ച് നടത്തിയ ഒഴുക്കന്‍ പരാമര്‍ശത്തില്‍ എന്തെങ്കിലും തെളിവുകള്‍ നല്‍കാന്‍ അവര്‍ തയാറായിട്ടില്ല.
ട്വന്‍റി ട്വന്‍റി ലോകകപ്പിന് ഇന്ത്യന്‍ ടീം തയാറെടുപ്പ് തുടങ്ങിയതിനിടെയാണ് സൂര്യകുമാറിനെക്കുറിച്ചുള്ള നടിയുടെ പരാമര്‍ശം വലിയതോതില്‍ ചര്‍ച്ചയാകുന്നത്. ഇക്കാര്യത്തില്‍ സൂര്യയോ അദ്ദേഹത്തോടടുപ്പമുള്ളവരോ പ്രതികരിച്ചിട്ടില്ല. 2023ലാണ് സൂര്യ ഇന്ത്യന്‍ ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് ടീമിന്‍റെ നായകനാകുന്നത്. അതിനുശേഷം താരത്തിന്‍റെ ബാറ്റിങ് ഫോം മങ്ങിയിരുന്നു. അക്കാര്യത്തിലുള്ള ആശങ്ക നിലനില്‍ക്കേയാണ് പുതിയ വിവാദം.