Asian Cricket Council (ACC) and Pakistan Cricket Board (PCB) chairman Mohsin Naqvi waits at the field at the end of the Asia Cup 2025 Twenty20 international cricket final match between India and Pakistan at the Dubai International Stadium in Dubai on September 28, 2025. (Photo by Sajjad HUSSAIN / AFP)
ഏഷ്യാക്കപ്പിലെ ഹസ്തദാന വിവാദം വീണ്ടും സജീവമാക്കി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മുഹ്സിന്‍ നഖ്വി. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യണമെന്ന് പാക്കിസ്ഥാന് ഒരു നിര്‍ബന്ധവും ഇല്ലെന്നും ഇന്ത്യയ്ക്ക് വേണ്ടെങ്കില്‍ തങ്ങള്‍ക്കും വേണ്ടെന്നും അദ്ദേഹം ലഹോറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏഷ്യാക്കപ്പ് പുരുഷ വിഭാഗം ട്വന്‍റി20 മല്‍സരം സെപ്റ്റംബറില്‍ നടന്നത് മുതലാണ് പഹല്‍ഗാം സംഭവം മുന്‍നിര്‍ത്തി ഇന്ത്യ ഹസ്തദാനത്തിന് വിസമ്മതിച്ചത്. പിന്നാലെ ഒക്ടോബറില്‍ നടന്ന വനിത ലോകകപ്പിലും ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങളുമായി ഹസ്തദാനംചെയ്തിരുന്നില്ല. ഇത് അണ്ടര്‍ 19 പുരുഷ ഏഷ്യാക്കപ്പിലും, റൈസിങ് സ്റ്റാര്‍സ് ഏഷ്യാക്കപ്പിലും തുടര്‍ന്നു. ഇന്ത്യയുമായുള്ള ക്രിക്കറ്റ് മല്‍സരങ്ങള്‍ പാക്കിസ്ഥാന്‍ ഇനിയും തുടരുമെന്നും രാഷ്ട്രീയം ക്രിക്കറ്റില്‍ കലര്‍ത്തില്ലെന്നാണ് നിലാടെന്നും നഖ്വി കൂട്ടിച്ചേര്‍ത്തു.
' ഇന്ത്യയ്ക്ക് കൈ തരാന്‍ താല്‍പര്യമില്ലെങ്കില്‍ നമുക്ക് മാത്രമായി പ്രത്യേക ആഗ്രഹമൊന്നുമില്ല. ഇന്ത്യ എന്ത് നിലപാട് സ്വീകരിക്കുന്നോ അതിന് തത്തുല്യ നിലപാടാകും പാക്കിസ്ഥാനും സ്വീകരിക്കുക. മുന്നോട്ടും ആ നയം തന്നെ തുടരും. ഇന്ത്യ ഒന്ന് ചെയ്യുമ്പോള്‍ പിന്നിലേക്ക് മാറി നില്‍ക്കാന്‍ നമ്മളും ഉദ്ദേശിക്കുന്നില്ല. വഴങ്ങില്ല'- നഖ്വി പറഞ്ഞു. 'കളിയില്‍ പാക്കിസ്ഥാന്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി രണ്ടുവട്ടമാണ് എന്നെ വിളിച്ച് പറഞ്ഞത്. തുടക്കം മുതല്‍ പാക്കിസ്ഥാന്‍റെ നിലപാടും അതുതന്നെയായിരുന്നു'- നഖ്വി വിശദമാക്കി.
അണ്ടര്‍ 19 മല്‍സരങ്ങള്‍ക്കിടെ ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായതായി പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹ്മദ് ആരോപിച്ചിരുന്നു. അതിവൈകാരികമായാണ് ഇന്ത്യ പ്രതികരിച്ചതെന്നും ധാര്‍മികതയ്ക്ക് നിരക്കാത്ത അംഗവിക്ഷേപങ്ങള്‍ ഇന്ത്യന്‍ താരങ്ങളില്‍ നിന്നുണ്ടായെന്നും സര്‍ഫറാസ് പറഞ്ഞു. ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ 191 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് പാക്കിസ്ഥാന്‍ നേടിയത്. ഇത് പാക്കിസ്ഥന്‍ വന്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു.