rishabh-pant

ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഋഷഭ് പന്ത് ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ഫോമും ടീം സന്തുലാവസ്ഥയും പരിഗണിച്ചാണ് സെലക്ഷന്‍ കമ്മിറ്റി ഈ തീരുമാനത്തിലേക്ക് എത്തിയത്. ന്യൂസീലന്‍ഡിനെതിരായ മൂന്നു മത്സരങ്ങളുള്ള പരമ്പര ജനുവരി 11 ന്  ആരംഭിക്കും. 

Also Read: മുസ്തഫിസുര്‍ റഹ്മാനെ കളിപ്പിച്ചാല്‍ പിച്ച് തകര്‍ക്കും; ഐപിഎല്ലിന് ഭീഷണി

ഈ ആഴ്ച ബിസിസിഐ ടീമിനെ പ്രഖ്യാപിക്കും എന്നാണ് സൂചന. പന്ത് പുറത്തിരിക്കുമ്പോള്‍ ഇഷാന്‍ കിഷന്‍ ടീമിലെത്തുമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിയെ നയിക്കുന്ന പന്തിന്‍റെ ഫോമില്‍ സ്ഥിരതയില്ലാത്തതാണ് സെലക്ടര്‍മാര്‍ കാണുന്ന പ്രശ്നം. ആദ്യ കളിയില്‍ അഞ്ചു റണ്‍സിന് പുറത്തായ പന്ത്, രണ്ടാം മത്സരത്തില്‍ 70 റണ്‍സെടുത്തു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോം തുടരുന്നതാണ് ഇഷാന്‍ കിഷന് അനുകൂലമാകുന്നത്. 

Also Read: ഗംഭീറിനെ പുറത്താക്കാന്‍ നീക്കം; മുതിര്‍ന്ന താരത്തെ സമീപിച്ചു? വിശദീകരിച്ച് ബിസിസിഐ

സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായിരുന്നു ഇഷാന്‍ കിഷന്‍. ജാര്‍ഖണ്ഡ് കന്നി കിരീടം നേടുന്നതിലും ഇഷാന്‍റെ പങ്ക് നിര്‍ണായകം. വിജയ് ഹസാരെ ട്രോഫിയില്‍ ആദ്യ മത്സരത്തില്‍ കര്‍ണാടകയ്ക്കെതിരെ 33 പന്തില്‍ സെഞ്ചറിയടിച്ചും ഇഷാന്‍ ഞെട്ടിച്ചിരുന്നു. 

2024 ഓഗസ്റ്റിലാണ് പന്ത് അവസാനമായി ഏകദിനം കളിച്ചത്. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടീമിലുണ്ടായിരുന്നെങ്കിലും മത്സരങ്ങളൊന്നും കളിച്ചിരുന്നില്ല. പകരം വരുന്ന ഇഷാന്‍ കിഷന്‍ 2023 ഒക്ടോബറിലാണ് അവസാനമായി ഏകദിനം കളിച്ചത്. ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ തിരികെ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റതിനെ തുടര്‍ന്ന് ഗില്ലിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര നഷ്ടമായിരുന്നു. ഗില്ലിന്‍റെ തിരിച്ചുവരവോടെ ഓപ്പണിങില്‍ യശസി ജയ്സ്വാള്‍ പുറത്തിരിക്കേണ്ടി വരും. വൈസ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ടീമിലെത്തുന്നത് മെഡിക്കല്‍ ക്ലിയറന്‍സ് അടിസ്ഥാനമാക്കിയാകും. 

ENGLISH SUMMARY:

Rishabh Pant is reportedly excluded from the Indian team for the ODI series against New Zealand. The selection committee's decision considered both form and team balance.