India's head coach Gautam Gambhir looks on in the end of the fifth day of the second Test cricket match between India and South Africa at the Barsapara Cricket Stadium in Guwahati on November 26, 2025. (Photo by Biju BORO / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

India's head coach Gautam Gambhir looks on in the end of the fifth day of the second Test cricket match between India and South Africa at the Barsapara Cricket Stadium in Guwahati on November 26, 2025. (Photo by Biju BORO / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങിയ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെ ടെസ്റ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് മാറ്റാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അനൗദ്യോഗികമായി ബിസിസിഐ വി.വി.എസ്.ലക്ഷ്മണിനെ സമീപിച്ചിരുന്നുവെന്നും ലക്ഷ്മണ്‍ ഓഫര്‍ നിരസിച്ചുവെന്നുമാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഒരു വര്‍ഷത്തിനിടെ  രണ്ടാമത്തെ സമ്പൂര്‍ണ പരാജയത്തോടെയാണ് ഈ നീക്കം ബിസിസിഐ നടത്തിയതെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 

vvs-laxman-test

Image Credit: PTI

എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സാക്കിയ പറയുന്നു. ബോര്‍ഡിന് ഗംഭീറില്‍ പരിപൂര്‍ണ വിശ്വാസമുണ്ടെന്നും തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളുമാണ് പ്രചരിക്കുന്നതെന്നും അതില്‍ സത്യത്തിന്‍റെ കണിക പോലും ഇല്ലെന്നും സാക്കിയ എഎന്‍ഐയോട് പ്രതികരിച്ചു. 'ജനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ളതെന്തും വിചാരിക്കാം. പക്ഷേ ബിസിസിഐ അത്തരത്തില്‍ ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല. ആരുടെയോ തലയില്‍ രൂപപ്പെട്ട സങ്കല്‍പ്പം മാത്രമാണത്. വസ്തുതാപരമായി തെറ്റായ വാര്‍ത്തയാണത്' എന്നായിരുന്നു സാക്കിയയുടെ വാക്കുകള്‍. ഒരു ഫോര്‍മാറ്റിലും കോച്ചിനെ മാറ്റാന്‍ ബിസിസിഐ നിലവില്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ ഗംഭീറിനെ ടെസ്റ്റ് കോച്ച് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് മുറവിളി ഉയര്‍ന്നിരുന്നു. പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഗംഭീര്‍ തന്നെ തന്‍റെ നേട്ടങ്ങള്‍ നിരത്തി സ്വയം പ്രതിരോധം തീര്‍ത്തു. ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയതും ട്വന്‍റി20 ഏഷ്യാക്കപ്പ് കിരീടം നേടിയതും തന്‍റെ നേട്ടമാണെന്നും കിരീടം നേടുമ്പോള്‍ കാലാവധി കൂട്ടിക്കൊടുക്കണമെന്ന് പറയാത്തവര്‍ ടീം തോല്‍ക്കുമ്പോള്‍ കോച്ചിനെ പുറത്താക്കണമെന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ഥതയാണ് ഉള്ളതെന്നും ഗംഭീര്‍ ചോദ്യമുയര്‍ത്തിയിരുന്നു. 

ഗംഭീറിന് കീഴില്‍ ഏകദിനത്തിലും ട്വന്‍റി20യിലും ടീം നേട്ടം കൊയ്തെന്ന് സമ്മതിക്കുമ്പോഴും ടെസ്റ്റില്‍ ബിസിസിഐ നേതൃത്വം അത്ര തൃപ്തരല്ലെന്ന് ഉന്നതവൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് നേരത്തെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബെംഗളൂരുവിലെ സെന്റര്‍ ഫോര്‍ എക്സലന്‍സ് തലവനായ ലക്ഷ്മണിനെ ബിസിസിഐ സമീപിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം താല്‍പര്യം കാണിച്ചില്ലെന്നുമായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. 

2027 വരെയുള്ള ടെസ്റ്റ് കലണ്ടര്‍ അനുസരിച്ച് ശ്രീലങ്കയിലും ന്യൂസീലന്‍ഡിലുമായി ഇന്ത്യയ്ക്ക് രണ്ട് പര്യടനങ്ങളും 2027 ജനുവരിയില്‍ ഓസ്ട്രേലിയയുമായി ഹോം മല്‍സരങ്ങളും ശേഷിക്കുന്നുണ്ട്. തുടര്‍ച്ചയായ പരാജയങ്ങളോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. ഇനിയുള്ള ഒന്‍പത് മല്‍സരങ്ങളില്‍ ഗംഭീറിന് കീഴില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിയുമോ എന്ന സന്ദേഹമുയര്‍ന്നതോടെയാണ് ബിസിസിഐ ലക്ഷ്മണിനെ സമീപിച്ചതെന്നും റിപ്പോര്‍ട്ട് സൂചന നല്‍കിയിരുന്നു. വൈകാതെ ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഗംഭീറിന്‍റെ കോച്ച് പദവി തെറിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. 

ENGLISH SUMMARY:

BCCI Secretary Devajit Saikia dismissed reports of replacing Gautam Gambhir as India's Test coach. Despite rumors of VVS Laxman being approached after the South Africa Test series loss, Saikia stated the board has full confidence in Gambhir.