ബംഗ്ലാദേശി പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ കളിപ്പിച്ചാല്‍ 2026 സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ തടസപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി ഉജ്ജയിനിലെ മതനേതാക്കള്‍. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിക്കുകയാണ് ലക്ഷ്യമെന്നാണ് ഇവരുടെ വാദം.
മുസ്തഫിസുര്‍ റഹ്മാനെ കളിപ്പിച്ചാല്‍ സ്റ്റേഡിയം ആക്രമിച്ച് പിച്ച് നശിപ്പിക്കും എന്നാണ് ഉജ്ജയിനിലെ റിൻമുക്തേശ്വർ മഹാദേവ ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ മഹാവീർ നാഥ് പറഞ്ഞത്. ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ അധികാരികള്‍ നടപടിയെടുക്കാത്തതിനാല്‍ തങ്ങളുടെ ആളുകള്‍ ഇടപെടും എന്നാണ് അദ്ദേഹം പറയുന്നത്.
2026 ഐപിഎല്‍ ലേലത്തില്‍ വിറ്റുപോയ ഏക ബംഗ്ലാദേശ് താരമാണ് മുസ്തഫിസുര്‍ റഹ്മാന്‍. 9.20 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. എന്നാല്‍ ബംഗ്ലാദേശില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെ ഹിന്ദുക്കള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളാണ് പ്രതിഷേധത്തിന് കാരണം.
Also Read: ഗംഭീറിനെ പുറത്താക്കാന്‍ നീക്കം; മുതിര്‍ന്ന താരത്തെ സമീപിച്ചു? വിശദീകരിച്ച് ബിസിസിഐ
ഡിസംബര്‍ 18 ന് ഗാര്‍മെന്‍റ് കമ്പനി തൊഴിലാളിയായ 27 കാരനെ മെമെന്‍സിങ് ജില്ലയില്‍ ദൈവനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം മോഷണകുറ്റം ആരോപിച്ച് മറ്റൊരാളെയും ആള്‍ക്കൂട്ടം ആക്രമിച്ചിരുന്നു. ഇയാള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഈ സഹാചര്യത്തില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ക്യാംപെയ്നുകൾ ആരംഭിച്ചിരുന്നു.