മുംബൈ–സിക്കിം വിജയ് ഹസാരെ ട്രോഫി മത്സരത്തിനിടെയുണ്ടായ ഊഷ്മളമായൊരു കാഴ്ച സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നു. രോഹിത് ശര്‍മയുടെ കാലുതൊടാനെത്തിയ കോലി ആരാധകനെ കണ്ട് കാണികള്‍ വിഡിയോ പകര്‍ത്തി. വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
മത്സരം കഴിഞ്ഞ് ഗ്രൗണ്ടില്‍ നിന്നും എതിര്‍ടീമംഗങ്ങള്‍ക്ക് ഹസ്തദാനം നല്‍കുന്നതിനിടെയാണ് രോഹിതിന്റെ അടുത്തേക്ക് ഒരു കുട്ടി ഓടിവന്നത്. നേരെവന്ന് കാലു തൊടാനുള്ള ശ്രമമായിരുന്നു, എന്നാല്‍ അതിനുമുന്‍പേ കുട്ടിയെ രോഹിത് ചേര്‍ത്തുപിടിച്ച് കൂടെ നടത്തുകയായിരുന്നു. തിരിച്ചു നടന്നുപോകുന്ന കുട്ടിയുടെ പുറകിലേക്ക് രോഹിത് വീണ്ടും വീണ്ടും നോക്കി ചിരിക്കുന്നതും കാണാം. അതിനു കാരണവുമുണ്ട്, ‘കോഹ്‌ലി 18’ എന്നെഴുതിയ ഇന്ത്യൻ ടെസ്റ്റ് ജേഴ്‌സിയായിരുന്നു കുട്ടി ധരിച്ചിരുന്നത്. ഇതാണ് രോഹിതിനേയും ചിരിപ്പിച്ച കാര്യം.
ബുധനാഴ്ച സിക്കിമിനെതിരെ നടന്ന മത്സരത്തില്‍ മുംബൈയ്ക്ക് വേണ്ടി രോഹിത് ശര്‍മ 94 പന്തിൽ നിന്നും 155 റൺസ് അടിച്ചെടുത്തു. ലോകത്തിലെ ഒന്നാം നമ്പർ ഏകദിന ബാറ്ററെ കാണാൻ പതിനായിരത്തിലധികം ആരാധകരാണ് ജയ്പൂരിലേക്ക് ഒഴുകിയെത്തിയത്. രോഹിതിന്റെ ഇന്നിങ്സ് മുംബൈയെ എട്ട് വിക്കറ്റ് വിജയത്തിലേക്കും എത്തിച്ചു. പ്ലെയര്‍ ഓഫ് ദ മാച്ചും രോഹിതാണ്.
155 റണ്‍സ് എന്ന നേട്ടത്തോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 50-ൽ അധികം സ്കോറുകൾ നേടുന്ന താരം എന്ന റെക്കോര്‍ഡില്‍ ഒസ്ട്രേലിയന്‍ ഓപ്പണിങ് ഇതിഹാസം ഡേവിഡ് വാർണർക്കൊപ്പം രോഹിത്തുമെത്തി. ഒമ്പത് തവണയാണ് ഇരുവരുടേയും നേട്ടം.