cricket-team-xmas

ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ക്രിസ്മസ് ആഘോഷങ്ങൾക്ക് വേദിയായി തിരുവനന്തപുരം. ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി 20 മല്‍സരങ്ങൾക്ക് തലസ്ഥാനത്തെത്തിയ ടീം അവർ തങ്ങുന്ന ഹയാത്ത് റീജൻസി ഹോട്ടലിലാണ് ക്രിസ്മസ് ആഘോഷിച്ചത്. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ ടീമംഗങ്ങളും മാനേജ്മെന്‍റ് സ്റ്റാഫ് പങ്കെടുത്തു. കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. സെമി ഫൈനലിലെ സൂപ്പർതാരം ജമീമ റോഡ്രിഗസാണ് കേക്ക് മുറിച്ചത്. ഇന്നലെ രാത്രിയായിരുന്നു ആഘോഷങ്ങൾ.

ഇന്ത്യ- ശ്രീലങ്ക ട്വന്‍റി 20 വനിത ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തിനായാണ് ടീം തിരുവനന്തപുരത്ത് എത്തിയത്. ഹര്‍മന്‍ പ്രീത് കൗര്‍, സ്മൃതി മന്ദാന, ജെമീന റോഡ്രിഗസ്, ഷഫാലി വര്‍മ, റിച്ച ഘോഷ് ഉള്‍പ്പെടുന്ന വമ്പന്‍ താരനിരയാണ് തലസ്ഥാനത്തെത്തിയത്. തിരുവനന്തപുരത്ത് എത്തിയ ഇരു ടീമുകളെയും ഇന്ത്യന്‍ താരം സജന സജീവന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. വിമാനത്താളത്തില്‍ ടീമിന് അതിഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ഏകദിന ലോകകപ്പ് ഉയര്‍ത്തിയ സംഘത്തിലെ സൂപ്പര്‍താരങ്ങളെ കാണാന്‍ നിരവധി ആരാധകരാണ് വിമാനത്താളത്തിലെത്തിയത്. നാളെ കാര്യവട്ടത്താണ് മല്‍സരം.

cricket-team-xmas-n

വിശാഖപട്ടണത്ത് നടന്ന രണ്ടു മല്‍സരങ്ങളിലും ശ്രീലങ്കയ്ക്കെതിരെ മിന്നും വിജയം നേടിയാണ് ഹര്‍മന്‍ പ്രീത് കൗറും സംഘവും തിരുവനന്തപുരത്ത് എത്തിയത്. പരമ്പരയില്‍ ആദ്യ രണ്ടു മല്‍സരങ്ങള്‍ ജയിച്ച ഇന്ത്യക്ക് നാളെ വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ബാറ്റിങ് വിക്കറ്റില്‍ ആദ്യം ബാറ്റ് ചെയ്താല്‍ വമ്പന്‍ സ്കോറാണ് പ്രതീക്ഷിക്കുന്നത്. ചാമരി അട്ടപ്പട്ടുവിന്‍റെ നേതൃത്വത്തിലുള്ള ശ്രീലങ്കക്കും നാളത്തെ മല്‍സരം നിര്‍ണായകമാണ്. കാര്യവട്ടത്തെ ആദ്യമല്‍സരം വിജയിച്ചാല്‍ പരമ്പര പ്രതീക്ഷ നിലനിര്‍ത്താം. ടീമുകള്‍ ഇന്ന് പരിശീലനത്തിനിറങ്ങും. 28, 30 തീയതികളിലാണ് മറ്റ് മല്‍സരങ്ങള്‍.

ENGLISH SUMMARY:

Thiruvananthapuram was the venue for the Christmas celebrations of the Indian women's cricket team, who won the ODI World Cup.