ക്രിക്കറ്റ് താരം യഷ് ദയാലിന് പോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കോടതി. ജയ്‌പുരിലെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കള്ളക്കേസാണെന്ന യഷ് ദയാലിന്‍റെ വാദം നിലനില്‍ക്കില്ലെന്ന് പോക്സോ കോടതി ജഡ‍്ജി അല്‍ക്ക ബന്‍സല്‍ വ്യക്തമാക്കി. ചാറ്റുകൾ, ചിത്രങ്ങൾ, ഹോട്ടലിലെ താമസരേഖകൾ എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ ദയാലിന് കേസിലെ പങ്കാളിത്തം സൂചിപ്പിക്കുന്നവയാണെന്ന് കോടതി പറഞ്ഞു.

ക്രിക്കറ്റ് കരിയറിൽ സഹായിക്കാമെന്നും സാമ്പത്തിക സഹായം നൽകാമെന്നും വാഗ്ദാനം നൽകി യഷ് ദയാല്‍ രണ്ടര വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ജയ്‌പുർ സ്വദേശിയായ പെൺകുട്ടി ജൂലൈയില്‍ സംഗനേർ സദർ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്. വൈകാരികമായി അടുപ്പം സ്ഥാപിച്ച് അവസരങ്ങളും പിന്തുണയും വാഗ്ദാനം ചെയ്ത് ലൈംഗികചൂഷണം നടത്തിയെന്നായിരുന്നു പരാതി. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ജയ്‌പുരിലെയും കാൺപൂരിലെയും ഹോട്ടലുകളിൽ വച്ചാണ് ചൂഷണം ചെയ്തത്. തുടര്‍ന്ന് ദയാല്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചപ്പോഴാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്. 

എന്നാല്‍ പൊതുസ്ഥലങ്ങളിൽ മാത്രമാണ് കണ്ടുമുട്ടിയതെന്നും, പരാതിക്കാരിക്ക് പ്രായപൂർത്തിയായെന്നാണു കരുതിയിരുന്നതെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം. പണം തട്ടാനുള്ള ശ്രമമാണ് കേസിന് പിന്നിലെന്നും ദയാലിന്‍റെ അഭിഭാഷകൻ വാദിച്ചു. എന്നാല്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ സമ്മതത്തിന് നിയമപരമായ സാധുതയില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വ്യാജവാഗ്ദാനങ്ങള്‍ നല്‍കി പെണ്‍കുട്ടിയെ വശത്താക്കുകയായിരുന്നു. ഇതിന് വ്യക്തമായ  തെളിവുകളുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷക രചന മാന്‍ പറഞ്ഞു. മുൻ‌കൂർ ജാമ്യം നിഷേധിക്കപ്പെട്ടതോടെ, യാഷ് ദയാലിനെ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ഗാസിയബാദില്‍ മറ്റൊരു കേസും ദയാലിനെതിരെ നിലവിലുണ്ട്. 

പോക്സോ കേസ് നേരിടുമ്പോഴും ഐപിഎല്‍ 2026 സീസണിൽ യഷ് ദയാലിനെ നിലനിർത്താനുള്ള റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ തീരുമാനം വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ആരോപണങ്ങളുടെ ഗൗരവം ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ കഴിഞ്ഞ ഓഗസ്റ്റില്‍ ദയാലിനെ യുപി ടി 20 ലീഗിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. 

ENGLISH SUMMARY:

Yash Dayal faces serious allegations in a POCSO case. The court rejected his anticipatory bail plea, citing evidence of his involvement, while Royal Challengers Bangalore's decision to retain him in IPL 2026 sparks controversy.