ഐപിഎല്‍ കളിക്കാന്‍ അനുമതി തേടി ശ്രീലങ്കന്‍ പേസര്‍ നുവാന്‍ തുഷാര കൊളമ്പോ ജില്ലാ കോടതിയെ സമീപിച്ചു. ഐപിഎല്‍ കളിക്കാന്‍ എന്‍ഒസി അനുവദിക്കാത്ത ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെയാണ് താരം കോടതിയെ സമീപിച്ചത്. എന്‍ഒസി നല്‍കാന്‍ ബോര്‍ഡിനോട് കോടതി ആവശ്യപ്പെടണമെന്നാണ് തുഷാരയുടെ ആവശ്യം.
ക്രിക്കറ്റ് ശ്രീലങ്ക പ്രസിഡന്‍റ് ഷമ്മി സില്‍വ, സെക്രട്ടറി ബന്ദുല ദിസനായകെ, ട്രഷറർ സുജീവ ഗോദലിയദ്ദ, സിഇഒ ആഷ്‌ലി ഡി സിൽവ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി വിശദമായ വാദത്തിനായി ഏപ്രില്‍ ഒന്‍പതിലേക്ക് മാറ്റി. ഫിറ്റ്നസ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബോർഡ് എൻഒസി നൽകാൻ വിസമ്മതിച്ചത്. 2026 സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരമാണ് തുഷാര. 2024, 2025 സീസണുകളില്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന്‍റെ എന്‍ഒസിയോടെ തുഷാര ഐപിഎല്‍ കളിച്ചിരുന്നു.
2026 മാര്‍ച്ച് 31 ന് ശ്രീലങ്കന്‍ ക്രിക്കറ്റുമായുള്ള തന്‍റെ കരാര്‍ അവസാനിച്ചെന്നും ഇനി കരാര്‍ പുതുക്കേണ്ടതില്ലെന്നും തുഷാര ഹര്‍ജിയില്‍ വ്യക്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണ്. ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടില്ലെന്ന് ബോര്‍ഡ് തന്നെ അറിയിച്ചിട്ടുണ്ട്. ഫിറ്റ്‌നസ് കാരണങ്ങളാൽ എൻഒസി നൽകാൻ വിസമ്മതിക്കുന്നത് ന്യായമല്ലെന്നും അദ്ദേഹം വാദിച്ചു.
നുവാന്‍ തുഷാത. Image Credit:X@EnglishSalar
നിലവിലെ ഫിറ്റ്നസ് നിലവാരം കരിയറിൽ ഉടനീളം നിലനിർത്തിയിരുന്ന നിലവാരവുമായി പൊരുത്തപ്പെടുന്നതാണ്. ഇതേ ഫിറ്റ്നസില്‍ മുൻകാലങ്ങളിൽ എൻഒസി നൽകിയിരുന്നു. എൻഒസി ലഭിച്ചില്ലെങ്കില്‍ ഐപിഎൽ ഫ്രാഞ്ചൈസിക്ക് പകരക്കാരനെ തേടേണ്ടി വരുമെന്നും ഇത് വരുമാന, തൊഴിൽ നഷ്ടമുണ്ടാക്കുമെന്നും തുഷാര വാദിച്ചു.