ഐ.പി.എല്ലില്‍ കഴിഞ്ഞ സീസണിന്‍റെ തുടര്‍ച്ച തന്നെയാണ് വൈഭവ് സൂര്യവംശി കാഴ്ചവെയ്ക്കുന്നത്. 15 വയസ് പൂര്‍ത്തിയായതിന് പിന്നാലെ ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ 15 പന്തിലാണ് വൈഭവ് അര്‍ധ സെഞ്ചറി പൂര്‍ത്തിയാക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായായിരുന്നു ൈവഭവിന്‍റെ ഈ സീസണിലെ ആദ്യ അര്‍ധ സെഞ്ചറി. പവര്‍പ്ലേയില്‍ തകര്‍ത്തടിച്ച വൈഭവ് 17 പന്തില്‍ 52 റണ്‍സെടുത്തു. സീനിയര്‍ ടീമില്‍ കളിക്കാന്‍ പ്രായമായതോടെ വൈഭവിനെ ടീമിലെടുക്കുന്നതിനെ പറ്റി ചര്‍ച്ചകളും ഗൗരവത്തിലായിട്ടുണ്ട്.  

ഐ.പി.എല്ലിന് ശേഷം ഇന്ത്യയ്ക്ക് തിരക്കിട്ട ഷെഡ്യൂളുകളാണ്. അതിനാല്‍ പ്രധാന മത്സരങ്ങള്‍ക്ക് ശേഷം സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് സിംബാബ്‍വെയ്ക്ക് എതിരായ പര്യടനത്തില്‍ വൈഭവിനെ കളിപ്പിച്ചേക്കാം എന്നാണ് സൂചന. ജൂണില്‍ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയില്‍ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും കളിക്കാനെത്തും. ജൂണില്‍ തന്നെ ഇന്ത്യ അയര്‍ലാന്‍ഡ് പര്യടനത്തിന് പോകും. രണ്ട് ട്വന്‍റി 20കളാണ് ഇവിടെ കളിക്കുക. ജൂലൈ ഒന്നു മുതല്‍ 19 വരെ ഇംഗ്ലണ്ടില്‍ അഞ്ച് ട്വന്‍റി 20 മത്സരങ്ങളും മൂന്നു ഏകദിനങ്ങളും ഇന്ത്യ കളിക്കും. ശേഷം 23 മുതലാണ് സിംബാബ്‍വെ പര്യടനം വരുന്നത്. 

ജൂലൈയില്‍ മൂന്ന് ട്വന്‍റി മത്സരങ്ങളുടെ പരമ്പര ഇന്ത്യ സിംബാബ്‍വെയില്‍ കളിക്കുന്നുണ്ട്. സാധാരണയായി പുതുമുഖങ്ങളെ ടീമിലേക്ക് പരിഗണിച്ചത് സിംബൈാബ്‍വെ പര്യടനത്തിലായിരുന്നു. സഞ്ജു സാംസണ്‍, കെ.എല്‍ രാഹുല്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറൈല്‍ അടക്കം നിരവധി താരങ്ങള്‍ ട്വന്‍റി 20 യില്‍ ഇന്ത്യയ്ക്കായി അരങ്ങേറിയത് സിംബാബ്‍വെ പര്യടനത്തിലാണ്. അതിനാല്‍ വൈഭവിനെ പരിഗണിക്കാനുള്ള യഥാർത്ഥ അവസരമാണ് സിംബാബ്‌വെ പരമ്പര. വൈഭവിനെ ഇംഗ്ലണ്ടിനെതിരായ പര്യടനത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് മുന്‍ ഇംഗ്ലാണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍ ആവശ്യപ്പെട്ടത്. 

ഈ ഷെഡ്യൂളില്‍ ഏതെങ്കിലും പര്യടനത്തില്‍ വൈഭവ് സൂര്യവംശി കളിച്ചാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്‍റെ റെക്കോര്‍‍ഡ് മറികടക്കും. 1989 തില്‍ പാക്കിസ്ഥാനെതിരെ കറാച്ചിയില്‍ സച്ചിന്‍ അരങ്ങേറുമ്പോള്‍ 16 വര്‍ഷവും 205 ദിവസുമായികരുന്നു സച്ചിന്‍റെ പ്രായം. 2011 മാര്‍ച്ച് 27 ന് ജനിച്ച വൈഭവിന് നിലവില്‍ 15 വയസ് പൂര്‍ത്തിയായിട്ടേയുള്ളൂ. രാജ്യാന്തര ക്രിക്കറ്റ് മത്സരം കളിക്കാന്‍ കുറഞ്ഞത് 15 വയസ് പ്രായമുണ്ടായിരിക്കണമെന്നാണ് ഐസിസിയുടെ ചട്ടം. 

ENGLISH SUMMARY:

Vaibhav Suryavanshi continues his impressive IPL form this season, achieving a remarkable half-century in just 15 balls against Chennai Super Kings at the age of 15. This performance has sparked discussions about his potential inclusion in the senior Indian team for upcoming tours, possibly breaking Sachin Tendulkar's debut age record.