വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ബിഹാര്‍. കൗമാരതാരം വൈഭവ് സൂര്യവംശിയുടെയും നായകൻ സക്കിബുൾ ഗനിയുടെയും വെടിക്കെട്ട് ബാറ്റിങ്ങിൽ ബിഹാർ നേടിയത് 574 റൺസെന്ന ലോക റെക്കോർഡ് ടീം ടോട്ടൽ. അരുണാചൽ പ്രദേശിനെതിരായ പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിലായിരുന്നു റൺമഴ. മല്‍സരത്തില്‍ ബിഹാര്‍ 397 റണ്‍സിന് ജയിച്ചു.
മൂന്നു സെഞ്ചറികളാണ് ബിഹാറിന്‍റെ ഇന്നിങ്സില്‍ പിറന്നത്. 40 പന്തിൽ 128 റൺസ് നേടിയ സക്കിബുൾ ഗനി 32 പന്തിലാണ് സെഞ്ചുറി പൂർത്തിയാക്കിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. 15 സിക്സറുകൾ ഉൾപ്പെടെ 84 പന്തിൽ 190 റൺസടിച്ച വൈഭവ് സൂര്യവംശി മൂന്നക്കം കടന്നത് 36 പന്തിലാണ്. ലിസ്റ്റ് എ ക്രിക്കറ്റിലെ രണ്ടാമത്തെ വേഗമേറിയ ഇന്ത്യൻ സെഞ്ചുറിയാണിത്. ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സൂര്യവംശിയുടെ പേരിലായി. വിക്കറ്റ് കീപ്പർ ആയുഷ് ലോഹരുക 56 പന്തിൽ 116 റണ്‍സ് നേടി. ഒരു ഇന്നിങ്സില്‍ മൂന്നു സെഞ്ചറി നേടുന്ന ആദ്യ ടീമായി ബിഹാര്‍ മാറി.
മറുപടി ബാറ്റിങില്‍ അരുണാചല്‍പ്രദേശ് 177 റണ്‍സിന് പുറത്തായി. 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ കംഷ യാന്‍ഫോ ആണ് അരുണാചലിന്‍റെ ടോപ്പ് സ്കോറര്‍. നാലു പേര്‍ രണ്ടക്കം കാണാതെ പുറത്തായി. ആകാശ് വിഭൂതി രാജ്, സൂരജ് കശ്യപ് എന്നിവര്‍ ബിഹാറിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നാലോവര്‍ പന്തെറിഞ്ഞ വൈഭവ് സൂര്യവന്‍ശി 19 റണ്‍സ് വഴങ്ങി. വിജയ് ഹസാരെ ട്രോഫി ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ബിഹാറിന്‍റേത്.