2023 ഏകദിന ലോകകപ്പില്‍ ഓസീസിനോട് പരാജയപ്പെട്ടതിന് പിന്നാലെ കളി മതിയാക്കാന്‍ തീരുമാനിച്ചുവെന്നും ഹൃദയം തകര്‍ന്ന് പോയെന്നും വെളിപ്പെടുത്തി രോഹിത് ശര്‍മ. കളിക്കാനുള്ള ഊര്‍ജമെല്ലാം ചോര്‍ന്നുപോയിരുന്നുവെന്നും ഇനിയൊരിക്കലും കളിക്കുന്നില്ലെന്ന് വരെ തീരുമാനിച്ചുവെന്നും താരം മാസ്റ്റേഴ്സ് യൂണിയന്‍ പരിപാടിയില്‍ വെളിപ്പെടുത്തി.
Gurugram: Indian cricketer Rohit Sharma during the Masters' Union convocation ceremony as the chief guest, in Gurugram, Sunday, Dec. 21, 2025. (PTI Photo)(PTI12_21_2025_000348B)
'കുറച്ച് കാലം കഴിയേണ്ടി വന്നു ക്രിക്കറ്റിനോടുള്ള ഇഷ്ടം എന്‍റെ ഉള്ളില്‍ ഇനിയും ശേഷിക്കുന്നുണ്ടെന്നും എനിക്കത്രവേഗം ഈ കളിയെ ഉപേക്ഷിച്ച് പോകാന്‍ കഴിയില്ലെന്നും എന്നെ വിശ്വസിപ്പിക്കാന്‍. കഠിന പരിശ്രമത്തിനൊടുവിലാണ് ഊര്‍ജം വീണ്ടെടുത്ത് ഫീല്‍ഡിലേക്ക് മടങ്ങി വരാന്‍ കഴിഞ്ഞത്'- രോഹിത് ഓര്‍ത്തെടുത്തു. എല്ലാവരും നിരാശരായിരുന്നുവെന്നും എങ്ങനെ തോറ്റുവെന്നോ അന്നേ ദിവസം എന്ത് സംഭവിച്ചുവെന്നോ ആര്‍ക്കും മനസിലായില്ലെന്നും രോഹിത് പറയുന്നു. 2022 ല്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്തത് മുതല്‍ ലോകകപ്പ് മാത്രമായിരുന്നു ലക്ഷ്യമെന്നും സര്‍വ ഊര്‍ജവും അതിനായി മാത്രമാണ് ചെലവഴിച്ചതെന്നും രോഹിത് വ്യക്തമാക്കി.
'ലോകകപ്പ് നേടുകയായിരുന്നു എന്‍റെ ഏക ലക്ഷ്യം. അത് ട്വന്‍റി20 ലോകകപ്പായാലും ഏകദിന ലോകകപ്പ് ആയാലും. അത് സംഭവിക്കാതെ വന്നതോടെ ഞാനാകെ തകര്‍ന്നുപോയി. ഒരു തരി ഊര്‍ജം ശേഷിച്ചില്ല, എല്ലാം ചോര്‍ന്ന് പോയി– കഠിനമായ അക്കാലത്തെ കുറിച്ച് രോഹിത് ശര്‍മ വിശദീകരിച്ചു. പരാജയമറിയാതെയാണ് ടീം ഇന്ത്യ അന്ന് ഫൈനലില്‍ എത്തിയത്. ഓസീസിനോടേറ്റ തോല്‍വിക്ക് ശേഷം രോഹിത് നയിച്ച ഇന്ത്യന്‍ ടീം ട്വന്‍റി 20 ലോകകപ്പ് സ്വന്തമാക്കി. 'ഏകദിന ലോകകപ്പിലെ തോല്‍വിയില്‍ കടുത്ത നിരാശയിലേക്കാണ് വീണത്. അത് സ്വാഭാവികമാണ്. പക്ഷേ അതുകൊണ്ട് ജീവിതം തീര്‍ന്നുപോകില്ലെന്ന് എനിക്കറിയാമായിരുന്നു.
ഇന്നിങ്ങനെ ഇതോര്‍ത്തെടുക്കാനും സംസാരിക്കാനും എളുപ്പമാണ്. പക്ഷേ അന്ന് അതായിരുന്നില്ല സ്ഥിതി'- രോഹിത് കൂട്ടിച്ചേര്‍ത്തു. ട്വന്‍റി20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിച്ച രോഹിത് നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. ഈ വര്‍ഷമാദ്യം രോഹിത്തിനെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. 2027 ലെ ലോകകപ്പോടെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കാനാണ് താരത്തിന്‍റെ പദ്ധതി.