Image Credit:  PTI

Image Credit: PTI

വിദേശ പര്യടനത്തിന് പോയാല്‍ ഇന്ത്യന്‍ ടീമിലെ ചിലര്‍ ചില മോശം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് സൂപ്പര്‍ താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുമായ റിവാബ ജഡേജ. താരങ്ങള്‍ക്ക് പല സ്വഭാവദൂഷ്യങ്ങളുമുണ്ടെന്നും ധാര്‍മികതയ്ക്ക് നിരക്കാത്തതൊക്കെ ചെയ്യുന്നുണ്ടെന്നുമായിരുന്നു റിവാബയുടെ വെളിപ്പെടുത്തല്‍. തന്‍റെ ഭര്‍ത്താവ് വളരെ മാന്യമായാണ് പുറത്തും പെരുമാറിയിട്ടുള്ളതെന്നും  സ്വന്തം തൊഴിലിനെ കുറിച്ച് നല്ല ബോധ്യവും ഉത്തരവാദിത്ത ബോധവും ഉള്ളവനാണ് ജഡേജയെന്നും റിവാബ ഒരു രാഷ്ട്രീയ ചടങ്ങില്‍ സംസാരിക്കുന്നതിനിടെ പറഞ്ഞു.

'ലണ്ടനിലും ദുബായിലും ഓസ്ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാനായി ജഡേജ പോയിട്ടുണ്ട്. പലതരം സ്ഥലങ്ങളില്‍ എത്തിപ്പെട്ടിട്ടും ഏതെങ്കിലും ആസക്തികളിലേക്കോ, മോശപ്പെട്ട കാര്യങ്ങളിലേക്കോ താരം തിരിഞ്ഞിട്ടില്ല'- റിവാബ വ്യക്തമാക്കി. മറ്റുതാരങ്ങള്‍ സദാചാര വിരുദ്ധമായ പല പ്രവര്‍ത്തികളിലും ഏര്‍പ്പെട്ടിട്ടുണ്ടെന്നും ജഡേജ അതില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കുന്നത് അദ്ദേഹത്തിനുള്ളിലെ ഉത്തരവാദിത്ത ബോധം കൊണ്ടാണെന്നും റിവാബ വിശദീകരിച്ചു. അതേസമയം, എന്താണ് മോശം പ്രവര്‍ത്തിയെന്നോ? ആരൊക്കെയാണ് അങ്ങനെ ചെയ്തതെന്നോ റിവാബ വെളിപ്പെടുത്തിയതുമില്ല. 

റിവാബയുടെ പ്രസംഗം വന്‍ വിവാദത്തിനാണ് എന്തായാലും തിരികൊളുത്തിയിരിക്കുന്നത്. ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ച് ചര്‍ച്ചയും തുടങ്ങി. റിവാബ പറഞ്ഞത് സത്യമാണെങ്കില്‍ രാജ്യത്തിന് കൂടി നാണക്കേടാണ് താരങ്ങളുടെ പ്രവര്‍ത്തിയെന്നും ചിലര്‍ കുറിച്ചു. അതേസമയം, ആരാണ് രാജ്യത്തെ മോശക്കാരാക്കിയതെന്ന് വ്യക്തമായി പറയാതെ ഇത്തരത്തില്‍ സംസാരിക്കുന്നത് ശരിയല്ലെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. 

ടെസ്റ്റ് പരമ്പര കഴിഞ്ഞതോടെ വിശ്രമത്തിലാണ് രവീന്ദ്ര ജഡേജയിപ്പോള്‍. ഐപിഎലില്‍ താരം ഇക്കുറി രാജസ്ഥാന്‍  റോയല്‍സിന് വേണ്ടിയാകും ഇറങ്ങുക. ചെന്നൈ സൂപ്പര്‍ കിങ്സ് സഞ്ജുവിനെ വാങ്ങിയതോടെയാണ് ജഡേജ റോയല്‍സിലെത്തിയത്. ജഡേജ തന്‍റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ചതും രാജസ്ഥാന്‍ റോയല്‍സിലായിരുന്നു. 

ENGLISH SUMMARY:

Rivaba Jadeja, Gujarat Education Minister and wife of cricketer Ravindra Jadeja, stirred controversy by claiming that some Indian cricketers engage in "morally inappropriate" and "bad conduct" during overseas tours (like London, Dubai, and Australia). Speaking at a political event, she highlighted that her husband, Ravindra Jadeja, maintains high standards and responsibility, avoiding such "vices" despite being in various places. Rivaba did not name the players or specify the nature of the misconduct. Her comments have sparked a massive debate on social media, with some users supporting her demand for transparency, while others criticize her for making vague allegations that bring shame to the country and the team.