ഞായറാഴ്ച ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെ തകര്‍ത്ത് ഇന്ത്യ സെമിയിലേക്ക് കടന്നപ്പോള്‍ ക്രീസില്‍ മുട്ടുകുത്തി കൈകള്‍ മുകളിലേക്കുയര്‍ത്തി കണ്ണു നിറഞ്ഞ് നില്‍പ്പുണ്ടായിരുന്നു സഞ്ജു സാംസണ്‍. 50 പന്തില്‍ നിന്ന് പുറത്താകാതെ നേടിയ 97 റണ്‍സ്! സെഞ്ചറിയിലും വലിയ തിളക്കം. അവസാന പന്തില്‍ ഫോര്‍ പായിച്ച് ഇന്ത്യയെ ജയിപ്പിച്ച ശേഷം വികാരാധീനനായ സഞ്‍ജു പിച്ചില്‍ മുട്ടുകള്‍ കുത്തി, ഹെൽമറ്റ് അഴിച്ചുമാറ്റി രണ്ടു കൈയും ഉയർത്തി ആകാശത്തേക്ക് നോക്കി. ഈഡന്‍ ഗാര്‍ഡന്‍സ് ഒന്നടങ്കം പറഞ്ഞു 'സാംസണ്‍ ദ് റിയല്‍ ഹീറോ'.
തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിലൊന്ന് എന്നാണ് മാച്ചിന് ശേഷം സഞ്ജു പ്രതികരിച്ചത്. ഈയൊരു ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നതെന്ന് പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം സ്വീകരിച്ച ശേഷം സഞ്ജു പറഞ്ഞു. ‘എന്തെങ്കിലും പ്രത്യേകമായി ചെയ്യുമെന്ന് ഒരിക്കലും തോന്നിയിരുന്നില്ല, പക്ഷേ ഞാൻ എന്റെ റോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കളിക്കാൻ തുടങ്ങിയ ദിവസം മുതൽ, രാജ്യത്തിനായി കളിക്കണമെന്ന് സ്വപ്നം കാണാൻ തുടങ്ങിയ ദിവസം മുതൽ, ഇതാണ് ഞാൻ കാത്തിരുന്ന ഇന്നിങ്സ്. എന്‍റെ യാത്ര വളരെ വ്യത്യസ്തമായിരുന്നു ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നു. ഞാന്‍ എന്‍റെ കഴിവില്‍ പോലും സംശയിച്ച സമയങ്ങളുണ്ട്. എനിക്ക് അത് നേടാൻ കഴിയുമോ എന്നുവരെ തോന്നിയിരുന്നു. പക്ഷേ ഇന്ന് എന്നെ അനുഗ്രഹിച്ചതിന് സർവ്വശക്തനോട് ഞാൻ നന്ദിയുള്ളവനാണ്’ സഞ്ജു പറയുന്നു.
‘പത്തു പന്ത്രണ്ട് വർഷമായി ഞാൻ ഐപിഎൽ കളിക്കുന്നുണ്ട്. പത്ത് വർഷമായി ഇന്ത്യന്‍ ടീമിലുമുണ്ട്. കോലി, രോഹിത് ശർമ, ധോണി തുടങ്ങി ഏറ്റവും മികച്ചവരില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പഠിച്ചു. എല്ലാ മത്സരങ്ങളും കളിച്ചിട്ടില്ലെങ്കിലും ഡഗൗട്ടിലിരുന്ന് അവര്‍ കളി പൂര്‍ത്തിയാക്കുന്നതും സാഹചര്യത്തിനനുസരിച്ച് കളിയുടെ ഗതി മാറ്റുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അവരില്‍ നിന്നും ഞാൻ ഒരുപാട് പഠിച്ചു. ആ അനുഭവം ഒരുപാട് സഹായിച്ചിട്ടുണ്ട്. ഒരുപക്ഷേ 50-60 മത്സരങ്ങളേ ഞാന്‍ കളിച്ചിട്ടുണ്ടാകൂ, പക്ഷേ നൂറിലധികം മത്സരങ്ങൾ കണ്ടിട്ടുണ്ട്, അതില്‍ നിന്നും പഠിച്ചിട്ടുണ്ട്’ സഞ്ജു പറഞ്ഞു.
‘കഴിഞ്ഞ മത്സരത്തിൽ (സിംബാബ്‌വെയ്‌ക്കെതിരെ ചെന്നൈയിൽ) ഞങ്ങൾ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു, ഉയർന്ന സ്കോറായിരുന്നു ലക്ഷ്യം, അതിനാൽ ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കാന്‍, മികച്ച പ്രകടനം നടത്താന്‍ ഞാന്‍ ശ്രമിച്ചു. എന്നാൽ ഈ മത്സരം തികച്ചും വ്യത്യസ്തമായിരുന്നു, സ്കോര്‍ ഉയര്‍ത്താന്‍ ആഗ്രഹിക്കുമ്പോളെല്ലാം ഞങ്ങൾക്ക് വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു, അതിനാൽ ഒരു പാട്നര്‍ഷിപ്പ് കെട്ടിപ്പടുക്കാൻ ഞാൻ ആഗ്രഹിച്ചു, എന്റെ റോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചു’– സഞ്ജു വിശദീകരിച്ചു.
മല്‍സരത്തിന് പിന്നാലെ സഞ്ജുവിനെ പ്രശംസകള്‍ കൊണ്ട് മൂടുകയായിരുന്നു ആരാധകരും ക്രിക്കറ്റ് ലോകവും. കാത്തിരിക്കുന്ന, ക്ഷമയുള്ള ആളുകൾക്ക് നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട് എന്നായിരുന്നു സഞ്ജുവിന്‍റെ പ്രകടനത്തെക്കുറിച്ച് സൂര്യകുമാർ യാദവ് പറഞ്ഞത്. ‘അവന്റെ കഠിനാധ്വാനം, കളിക്കാത്തപ്പോളും പിന്നണിയിലെ അവന്‍റെ പരിശ്രമം, അതിനുള്ള ഫലം അവൻ നേടിക്കഴിഞ്ഞു സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു. 'സാംസണ്‍ ബൈ നെയിം, സാംസണ്‍ ബൈ നേച്ചര്‍' എന്നായിരുന്നു അതിമനോഹരമായ ആ ഇന്നിങ്സിനെ കമന്‍റേറ്റര്‍മാരിലൊരാള്‍ വിശേഷിപ്പിച്ചതും.