ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മോശം പ്രകടനത്തിന് പിന്നാലെ ശുഭ്മന്‍ ഗില്ലിനെ എയറിലാക്കി ആരാധകര്‍. ബാറ്റിങ്ങിനിറങ്ങിയാൽ മാഗി നൂഡിൽസ് തയാറാകുന്ന സമയം കൊണ്ട് ഗിൽ ഡ്രസിങ് റൂമിൽ തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പരിഹാസം. നിരവധി പേരാണ് ഗില്ലിനെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ഗിൽ രണ്ട് പന്തിൽ നാലു റൺസ് മാത്രമെടുത്താണു പുറത്തായത്. സഞ്ജു സാംസണെ ഓപ്പണിങ്ങ് സ്ലോട്ടില്‍ നിന്ന് ഒഴിവാക്കി പകരം പ്രതിഷ്ഠിച്ച ഗില്ലിന്‍റെ മോശം പ്രകടനമാണ് ആരാധകരെ പ്രകോപിപ്പിച്ചത്.ഈ വർഷം കളിച്ച 13 മത്സരങ്ങളിൽ ഒരു അർധ സെഞ്ചറി പോലും ഗില്ലിന് ട്വന്റി20യിൽനിന്നു നേടാൻ സാധിച്ചില്ല.
വൈസ് ക്യാപ്റ്റനായി ടി20 ടീമിലേക്ക് ഗില്‍ എത്തിയതോടെയാണ് ഓപ്പണിങ്ങില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം തകര്‍ത്തടിച്ചുകൊണ്ടിരുന്ന സഞ്ജു മിഡില്‍ ഓര്‍ഡറിലേക്ക് മാറിയത്. ഏഷ്യാകപ്പില്‍ മികച്ച ഇന്നിങ്സുകളുമായി സഞ്ജു തിളങ്ങിയെങ്കിലും പിന്നാലെ ഓസ്ട്രേലിയയ്‌ക്കെതിരെ തഴയപ്പെട്ടു. ഇന്നലെ സഞ്ജുവിന് പകരം ജിതേഷ് ശര്‍മയാണ് കീപ്പറായി ടീമില്‍ എത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിനിടെയാണ് ഗില്ലിനു കഴുത്തിനു പരുക്കേറ്റത്. എന്നാല്‍ തിരിച്ചുവരവില്‍ ആദ്യ പോരാട്ടത്തില്‍ നിരാശയോടെ മടങ്ങേണ്ടിവന്നു. ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പരയിലും ഓപ്പണറായി ഇറങ്ങിയ ഗില്ലിന് വലിയ സ്കോറുകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ട്വന്റി20 ലോകകപ്പ് അടുത്തിരിക്കെ ഗില്ലിന് ഫോം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ അത് ബിസിസിഐയ്ക്കും കോച്ച് ഗംഭീറിനും തലവേദനയാകും.