കട്ടക്ക് ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് വമ്പന്‍ജയം. 101 റണ്‍സിനാണ് ഇന്ത്യ എതിരാളികളെ തകര്‍ത്തത്. ഇന്ത്യ 175/6, ദക്ഷിണാഫ്രിക്ക 74ന് ഓള്‍ ഔട്ട്  . ജയത്തോടെ ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തി. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍  175 റണ്‍സെടുത്തു. ഹര്‍ദിക് പാണ്ഡ്യ 59 റണ്‍സുമായി പുറത്താകാതെ നിന്നു. 25 പന്തില്‍ നിന്നാണ് ഹര്‍ദിക്കിന്റെ അര്‍ധസെ‍ഞ്ചുറി. 12 ഓവറില്‍ ഇന്ത്യ 4ന് 78 റണ്‍സെന്ന നിലയിലായിരുന്നു. ലുംഗി എന്‍ഗിഡി മൂന്നുവിക്കറ്റ് വീഴ്ത്തി. ശുഭ്മന്‍ ഗില്‍ നാലുറണ്‍സെടുത്ത് പുറത്തായി.  സഞ്ജു സാംസണ് പകരമെത്തിയ ജതേഷ് ശര്‍മ പത്തുറണ്‍സുമായി പുറത്താകാതെ നിന്നു. 

മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ഘട്ടത്തില്‍ പോലും പൊരുതാന്‍ സാധിച്ചില്ല. 14 പന്തില്‍ 22 റൺസെടുത്ത യുവതാരം ഡെവാൾഡ് ബ്രെവിസാണ് അവരുടെ ടോപ് സ്കോറർ. സ്കോർ ബോർഡിൽ ഒരു റൺ വരും മുൻപേ ഓപ്പണർ ക്വിന്റൻ ഡികോക്കിനെ നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് പിന്നീടൊരു തിരിച്ചുവരവ് സാധ്യമായില്ല.

എയ്ഡന്‍ മാർക്രം (14), ട്രിസ്റ്റൻ സ്റ്റബ്സ് (14), മാർകോ യാന്‍സൻ (12) എന്നിവർ കുറച്ചെങ്കിലും പിടിച്ചുനിൽക്കാൻ ശ്രമിച്ചു. 50 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടമായ ദക്ഷിണാഫ്രിക്കയുടെ മധ്യനിരയും വാലറ്റവും പേരിനു പോലും പോരാടാതെയാണു മടങ്ങിയത്. ഇതോടെ 100 റൺസിൽ എത്താനാകാതെ ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടായി. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും ഓരോ വിക്കറ്റുകളും നേടി.

ENGLISH SUMMARY:

Hardik Pandya's stellar performance led India to a massive victory against South Africa in the Cuttack T20. India dominated the match, winning by 101 runs after South Africa's batting lineup collapsed.