നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയായി അഖില്‍ മാരാര്‍ തൃക്കാക്കരയില്‍ മത്സരിക്കും. തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയുമാണ് സ്ഥാനാർഥികൾ. അടൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാബു ദിവാകരൻ കുന്നത്തുനാട്ടിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്ന അഖില്‍ മാരാര്‍ ഈയിടെയാണ് ട്വന്‍റി 20യില്‍ ചേര്‍ന്നത്. 

കൊട്ടാരക്കയില്‍ നിന്നും അഖിൽ കോട്ടാത്തല രക്ഷപെട്ടില്ലെന്നും തൃക്കാക്കര ചേര്‍ത്തുപിടിച്ചെന്നും അഖില്‍ മാരാര്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ഫെയ്സ്ബുക്കില്‍ കുറിച്ചു. നാടിന്റെ നന്മയെ കരുതി ചെയ്യുന്ന കാര്യങ്ങൾക്ക് അർഹമായ പിന്തുണ നല്‍കാന്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയം അനുവദിച്ചില്ലെന്നും കൊട്ടാരക്കര നാട്ടിൽ നിന്ന് അഖിൽ കോട്ടാത്തല രക്ഷപെട്ടില്ലെന്നുമാണ് കുറിപ്പ്. ഒന്നും ചെയ്യാൻ കഴിയാതെ എല്ലാം നഷ്ട്ടപെട്ട് മരണം മാത്രം മുന്നിൽ കണ്ട് നിൽക്കുന്ന സമയം  ഈശ്വരന്‍ തൃക്കാക്കരയുടെ മണ്ണിലെത്തിച്ചെന്നും ഈ നാട് എന്നെ ചേർത്ത് പിടിച്ചെന്നും അഖില്‍ കുറിച്ചു. 

ഇനി മണ്ണിന് വേണ്ടി ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടി ജീവിക്കുക എന്നതാണ് തന്‍റെ നിയോഗമെന്നും തൃക്കാക്കരയിൽ നിന്നും എന്റെ ശബ്ദം ഉയർന്നു കേൾക്കുമെന്നും അഖില്‍ മാരാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റാണ് തൃക്കാക്കര. 2016 ലും 2022 ലെ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ഇവിടെ ജയിച്ചത്. 

25,016 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഉപതിരഞ്ഞെടുപ്പില്‍ ഉമ തോമസ് വിജയിച്ചത്. എല്‍‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് 47,75 വോട്ടാണ് കിട്ടിയത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന് 12,957 വോട്ടും ലഭിച്ചു.  ഉപതിരഞ്ഞെടുപ്പില്‍ ട്വന്റി 20 മത്സരിച്ചിരുന്നില്ല. 2021-ലെ തിരഞ്ഞെടുപ്പിലാണ് ട്വന്‍റി 20 മത്സര രംഗത്തെത്തിയത്. പിടി തോമസ് ജയിച്ച തിരഞ്ഞെടുപ്പില്‍ 13897 വോട്ടുകളാണ് ട്വന്റി 20 നേടിയത്. അന്ന് ബിജെപി സ്ഥാനാര്‍ഥി നേടിയത് 15,483 വോട്ട്. 

ENGLISH SUMMARY:

Akhil Marar will contest as a Twenty 20 candidate in Thrikkakara for the assembly elections, a significant shift from his previous political affiliations. This move marks a new chapter for him as he aims to represent the people and raise his voice from Thrikkakara, a Congress stronghold.