ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ രണ്ട് സെഞ്ചറിയാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ നേടിയത്. എങ്കിലും ഇന്ത്യ തോറ്റു. 359 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും നാലു വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി. 49.2 ഓവറില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ സ്കോര്‍ മറികടന്നു.
83 പന്തില്‍ 12 ഫോറും രണ്ട് സിക്സറും സഹിതം 105 റണ്‍സോടെ ഋതുരാജ് ഗെയ്‍ക്വാദ് കന്നി ഏകദിന സെഞ്ചറി നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചറി നേടിയ വിരാട് കോലി 93 പന്തില്‍ 102 റണ്‍സെടുത്തു. ഒരുപാട് റെക്കോര്‍ഡുകള്‍ പിറന്ന മത്സരത്തില്‍ ഗെയ്ക്വാദ് ഒരു മോശം റെക്കോര്‍ഡും സ്വന്തം പേരിലാക്കി. താരം സെഞ്ചറിയടിച്ച മത്സരങ്ങളിലൊന്നും ടീം ഇതുവരെ ജയിച്ചിട്ടില്ല.
ട്വന്‍റി 20യില്‍ ഗെയ്‍ക്വാദിന്‍റെ കന്നി സെഞ്ചറി ഓസ്ട്രേലിയയ്ക്കെതിരെ ഗുവാഹത്തിയിലായിരുന്നു. ഗെയ്ക്വാദ് 57 പന്തില്‍ 123 റണ്‍സ് നേടിയ മത്സരത്തില്‍ ഇന്ത്യ 20 ഓവറില്‍ 222 റണ്‍സെടുത്തു. ട്വന്‍റി20 യിലെ മികച്ച സ്കോറായിരുന്നിട്ടും ഓസ്ട്രേലിയ ഇന്ത്യയെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചു. ഐപിഎല്ലിലും ഇതു തന്നെ സ്ഥിതി. ചെന്നൈ സൂപ്പര്‍ കിങ്സിനായി ഗെയ്ക്വാദ് രണ്ട് തവണ സെഞ്ചറിയടിച്ചു. 2021 ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയും 2024 ല്‍ ലഖ്നൗ സൂപ്പര്‍ ജെയന്‍റ്സിനെതിരെയും രണ്ടു മത്സരത്തിലും ചെന്നൈ തോറ്റു.
നിറയെ റെക്കോര്‍ഡുകള്‍ പിറന്നതായിരുന്നു കോലി– ഗെയ്ക്വാദ് കൂട്ടുകെട്ട്. 195 റണ്‍സ് പാര്‍ട്ണര്‍ഷിപ്പാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഉണ്ടാക്കിയത്. 2010 സച്ചിനും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്നുണ്ടാക്കിയ 194 റണ്‍സിന്‍റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. സച്ചിന്‍ ഇരട്ട സെഞ്ചറി നേടിയ മത്സരത്തിലാണ് ഈ റെക്കോര്‍ഡ് പിറന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏറ്റവും വേഗത്തില്‍ സെഞ്ചറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ഗെയ്ക്വാദ്. 77 പന്തില്‍ സെഞ്ചറി നേടിയ ഗെയ്ക്വാദിന് മുന്നിലുള്ളത് 68 പന്തില്‍ 100 തികച്ച യൂസഫ് പഠാന്‍.