ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തിനിടെ ഇന്ത്യന്‍ വിക്കറ്റ് നഷ്ടമായ സമയത്ത് ആര്‍ത്തുവിളിച്ച ആരാധകര്‍ക്കെതിരെ വിരാട് കോലി. ഇത്തരകാര്യം നല്ലതായി തോന്നുന്നില്ലെന്ന് കോലി മത്സരശേഷം പറഞ്ഞു. രോഹിതിന്‍റെ വിക്കറ്റിന് പിന്നാലെ വിരാട് കോലി ക്രീസിലേക്ക് എത്തുന്നതിന് മുന്‍പാണ് ആരാധകരുടെ ആവേശമുണ്ടായത്.
'എനിക്ക് ഇതിനെ പറ്റി അറിയാമായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ നല്ലതാണെന്ന് തോന്നുന്നില്ല. ധോണിയുടെ കാര്യത്തിലും ഇത് കണ്ടിട്ടുണ്ട്. വിക്കറ്റ് നഷ്ടമായി തിരച്ചുവരുന്നൊരാളെ സംബന്ധിച്ച് ഇത് നല്ല കാര്യമല്ല. കാണികളുടെ ആവേശം മനസിലാകും, പക്ഷേ ചെയ്യേണ്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്. അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല' മത്സരശേഷം കോലി പറഞ്ഞു.
രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ സ്റ്റേഡിയത്തിലുണ്ടായ ആരവങ്ങളോടാണ് കോലി പ്രതികരിച്ചത്. ഓപ്പണിങില്‍ 26 റണ്‍സെടുത്ത രോഹിതിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നീടെത്തിയ കോലി 91 പന്തില്‍ 93 റണ്‍സെടുത്തു. ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത് കോലിയുടെ ഇന്നിങ്സാണ്. കരിയറിലെ 54-ാം സെഞ്ചറിയാണ് വിരാട് കോലിക്ക് ഏഴു റണ്‍സ് അകലെ നഷ്ടമായത്.
ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ കോലി കരിയറിലെ 28,000 റണ്‍സ് തികച്ചു. വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരമാണ് കോലി. സച്ചിനെയാണ് കോലി പിന്നിലാക്കിയത്. 624 ഇന്നിങ്സുകളില്‍ നിന്നാണ് കോലിയുടെ 28,000 റണ്‍സ് നേട്ടം. സച്ചിന്‍ 644 ഇന്നിങ്സ് കളിച്ചാണ് 28000 റണ്‍സ് തികച്ചത്. 666 ഇന്നിങ്സില്‍ നിന്നും 28000 റണ്‍സ് പൂര്‍ത്തിയാക്കിയ മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റൊരാള്‍.