ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര വിജയം ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് രണ്ടാം മല്‍സരത്തിന്. മുതിര്‍ന്ന താരങ്ങളും മാനേജ്മെന്റും തമ്മില്‍ അസ്വാരസ്യം പുകയുന്നതിനിടെ നടക്കുന്ന റായ്പൂര്‍ ഏകദിനത്തിലും, പ്രതീക്ഷ വിരാട് കോലിയിലും രോഹിത് ശര്‍മയിലുമാണ്. ടീമിലെ അഭിപ്രായവ്യത്യാസങ്ങളില്‍ ബിസിസിഐ ഇടപെടലും ഇന്ന് പ്രതീക്ഷിക്കുന്നു.
വിരാട് കോലിയുടെ മിന്നും ഫോമിലും രോഹിത് ശർമയുടെ കരുത്തുറ്റ സാന്നിധ്യത്തിലും പ്രതീക്ഷവച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കാന്‍ ഇറങ്ങുന്നത്. കളിച്ച അവസാന രണ്ട് ഏകദിനങ്ങളിലും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച റോക്കോ സഖ്യം, 2027 ദക്ഷിണാഫ്രിക്കൻ ലോകകപ്പിനുള്ള ടീമിൽ ഇടം നേടാൻ സാധ്യമായതെല്ലാം ചെയ്യും. ലോകകപ്പിൽ ഇരുവരുടെയും പങ്കാളിത്തത്തെക്കുറിച്ച് സിലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കറും പരിശീലകൻ ഗംഭീറും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇരുപക്ഷവും തമ്മിൽ പുകയുന്ന അസ്വാരസ്യങ്ങളുടെ പ്രധാനകാരണവും ഇതാണെന്നാണ് കരുതപ്പെടുന്നത്.
ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും ഇന്ത്യയ്ക്ക് ആശങ്കപ്പെടാൻ ഏറെയുണ്ട്. ഋതുരാജ് ഗെയ്ക്‌വാദിനെ ഓപ്പണർ സ്ഥാനത്തുനിന്ന് നാലാം നമ്പറിലേക്ക് മാറ്റിയെങ്കിലും പുതിയ റോളുമായി പൊരുത്തപ്പെടാൻ താരത്തിനായിട്ടില്ല. ഹർഷിത് റാണ പുതിയ പന്തിൽ തുടക്കത്തിൽത്തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും , അവസാന ഓവറുകളിൽ റൺസ് വഴങ്ങുന്ന ശീലം ഇന്ത്യയ്ക്ക് തലവേദനയാണ്. ചരിത്ര ടെസ്റ്റ് പരമ്പര വിജയത്തിനുശേഷം വിശ്രമം അനുവദിച്ച സ്ഥിരം നായകൻ ടെംബ ബാവുമ, കേശവ് മഹാരാജ് എന്നിവര്‍ പ്രോട്ടീസ് നിരയില്‍ തിരിച്ചെത്തും.