pitch-curator-eden-gardens

ദക്ഷിണാഫ്രിക്കയോട് കൊല്‍ക്കത്തയില്‍ ഇന്ത്യ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ ഈഡന്‍ഗാര്‍ഡന്‍സിലെ പിച്ച് ക്യുറേറ്റര്‍ക്കെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. 124 റണ്‍സെന്ന കുഞ്ഞന്‍ സ്കോര്‍ പിന്തുടരുന്നതിനിടെയാണ് 93 റണ്‍സെടുത്ത്   ഇന്ത്യന്‍ ടീം ഓള്‍ഔട്ട് ആയത്. കളിയുടെ ആദ്യ ദിനം തന്നെ 11 വിക്കറ്റുകളും രണ്ടാം ദിനം 15 വിക്കറ്റുമാണ് പുഷ്പം പോലെ വീണത്. 200 റണ്‍സിനപ്പുറത്തേക്ക് ഒരു ഇന്നിങ്സിലും പോകാന്‍ ഇരു ടീമുകള്‍ക്കുമായില്ല. അര്‍ധ സെഞ്ചറിയെങ്കിലും നേടിയത് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ബാവുമ മാത്രമാണ്. 

bavuma-score

Image Credit: AFP

പിച്ചാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന വാദത്തെയാണ് ക്യുറേറ്റര്‍ സുജന്‍ മുഖര്‍ജി തള്ളിയത്. ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ട നിലവാരത്തിലാണ് പിച്ച് തയാറാക്കിയത്. അതൊട്ടും മോശമായിരുന്നില്ല. തനിക്ക് ലഭിച്ച നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും സുജന്‍ ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

'പിച്ചിന്‍റെ പേരില്‍ പലരും നെറ്റിചുളിച്ചതും ചോദ്യമുയര്‍ത്തിയതും ഞാന്‍ കണ്ടു. ടെസ്റ്റിന് പിച്ച് തയാറാക്കാന്‍ എനിക്കറിയാം. അങ്ങനെ തന്നെയാണ് ചെയ്തിട്ടുള്ളത്. എല്ലാവര്‍ക്കും എല്ലാം അറിയണമെന്നില്ലല്ലോ, എന്‍റെ ജോലി ഞാന്‍ അങ്ങേയറ്റം അര്‍പ്പണ മനോഭാവത്തോടെ ചെയ്തിട്ടുണ്ട്. അത് ഇനിയും അങ്ങനെ തന്നെ തുടരും'– സുജന്‍ കൂട്ടിച്ചേര്‍ത്തു. 

pitch-kolkatta

ഇന്ത്യ തോറ്റതിന് ക്യുറേറ്ററെ പഴിച്ചിട്ട് കാര്യമില്ലെന്നും താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായി രാജ്യത്തെ പിച്ചുകള്‍ പരിചയിക്കുകയാണ് വേണ്ടതെന്നും സുനില്‍ ഗവാസ്കര്‍ തുറന്നടിച്ചിരുന്നു. പിച്ച് എങ്ങനെ തയാറാക്കണമെന്നത് ക്യുറേറ്ററുടെ ഇഷ്ടമാണെന്നും അതില്‍ ഇടപെടാന്‍ പോകാതിരിക്കുകയാണ് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ആരെ 12 തവണ മാത്രമാണ് ഇരു ടീമുകള്‍ക്കും ഒരിന്നിങ്സില്‍ പോലും 200 കടക്കാന്‍ കഴിയാതിരുന്നിട്ടുള്ളത്. 

ENGLISH SUMMARY:

Eden Gardens pitch curator Sujan Mukherjee dismissed criticisms following India's humiliating loss to South Africa, where they were bowled out for 93 chasing 124. Mukherjee stated he prepared the pitch to the exact specifications requested by Coach Gautam Gambhir, insisting it was not a poor wicket. He asserted, "I know how to prepare a pitch... I have done my job with utmost dedication," pushing back against those who questioned the surface after 26 wickets fell in two days. The curator's defense comes as Sunil Gavaskar also criticized Indian players for not playing enough domestic cricket to master local conditions.