കൊല്‍ക്കത്ത ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. 124 റണ്‍സ് റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് ഓള്‍ ഔട്ടായി. എട്ടുവിക്കറ്റുമായി ഇന്ത്യയെ കറക്കിവീഴ്ത്തിയ സൈമണ്‍ ഹാര്‍മറാണ് മല്‍സരത്തിലെ താരം. വംഗനാട്ടില്‍ ദക്ഷിണാഫ്രിക്കന്‍ വീരഗാഥ പിറക്കാന്‍ വേണ്ടിവന്നത് വെറും 35 ഓവര്‍. സ്കോര്‍ ബോര്‍ഡ് ചലിക്കും മുമ്പേ യശസ്വി ജയ്സ്വാളും പത്തുപന്തിനകം കെഎല്‍ രാഹുലും പുറത്ത്.
മാര്‍ക്കോ യാന്‍സന്‍ തുടങ്ങിവച്ചത് സൈമണ്‍ ഹാര്‍മര്‍ ഏറ്റുപിടിച്ചതോടെ ഇന്ത്യ നടുവൊടിഞ്ഞ് വീണു. അഞ്ചുറണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ജുറേലും ഋഷഭ് പന്തും മടങ്ങി. ജഡേജ – സുന്ദര്‍ 26 റണ്‍സും കൂട്ടുകെട്ടും ഹാര്‍മര്‍ പൊളിച്ചതോടെ ഇന്ത്യ 64ന് 5 ബൗണ്‍സും ടേണും തന്ന പിച്ചില്‍ പാര്‍ട് ടൈം സ്പിന്നര്‍ ഏയ്‍ഡന്‍ മാര്‍ക്രം വരെ വിക്കറ്റെടുത്തു. ജയം 47 റണ്‍സ് അകലെനില്‍ക്കെ ഒരു ഫോറും രണ്ട് സിക്സറുമടിച്ച് അക്സര്‍ പട്ടേല്‍. അഞ്ചാം പന്തില്‍ അക്സറിനെ ബാവുമയുടെ കൈകളിലെത്തിച്ച് കേശവ് മഹാരാജിന്റെ തിരിച്ചടി
പരുക്കേറ്റ ക്യാപ്റ്റന്‍ ഗില്ലില്ലാത്ത ബാറ്റിങ് നിരയില്‍ ഒന്‍പതാമനായി ഇറങ്ങിയ സിറാജ്, നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്ത്. 13 വര്‍ഷത്തിന് ശേഷം ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ തോല്‍വിയറിഞ്ഞു. 91 റണ്‍സെടുക്കുന്നതിനിടെ ഏഴുവിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ ക്യാപ്റ്റന്‍ ടെംബ ബാവുമയുടെ ഇന്നിങ്സാണ് കരകയറ്റിയത്. ബാവുമ – കോര്‍ബിന്‍ ബോഷ് 44 റണ്‍സ് കൂട്ടുകെട്ട് വിജയലക്ഷ്യം നൂറിന് മുകളിലേക്ക് എത്തിച്ചു. ബാവുമ പുറത്താകാതെ നേടിയ 55 റണ്‍സിന് സെഞ്ചുറിയോളം തലപ്പൊക്കമായിരുന്നു.