'അച്ഛാ, രണ്ട് വർഷം എനിക്ക് തരൂ, ഒന്നും നടന്നില്ലെങ്കിൽ ഞാൻ തിരികെ ജോലിയിൽ കയറാം, മറിച്ചാണെങ്കിൽ ദീപ്തി ഇന്ത്യയ്ക്ക് വേണ്ടി കളിക്കും'... അത് പൊന്നുംവിലയുള്ള വാക്കായിരുന്നു. കുഞ്ഞനുജത്തിക്ക് വേണ്ടി പൊന്നാങ്ങള നൽകിയ വാക്ക്. ദീപ്തി ശർമയെന്ന ഓൾറൗണ്ടർ പിറന്നതിന് പിന്നിൽ സ്‌നേഹം ചാലിച്ച അക്കഥ കൂടിയുണ്ട്. 17-ാം വയസിൽ രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചാണ് ചേട്ടന് ദീപ്തി സ്‌നേഹസമ്മാനം നൽകിയത്.
ആഗ്രയിലെ ഷാഗഞ്ചിലെ വീട്ടുമുറ്റത്ത് ചേട്ടൻ സുമിത് ക്രിക്കറ്റ് കളിക്കുന്നത് കണ്ടാണ് ദീപ്തി വളർന്നത്. പ്രാക്ടീസ് സെഷനുകളിൽ ചേട്ടനൊപ്പം ദീപ്തിയും ചുമ്മാ കാണാൻ പോയി. പുറത്തേക്ക് തെറിച്ച് വീണ പന്തെടുത്ത് ഉന്നം പിടിച്ചെറിയുന്ന ദീപ്തി മുൻ ഇന്ത്യൻ താരമായ ഹേംലതയുടെ കണ്ണിലുടക്കി. വനിതാ ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടറുടെ പിറവി കൂടിയായിരുന്നു അത്.
ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ വനിതകൾ പുതിയ ചരിത്രം കുറിച്ചപ്പോൾ ബാറ്റ് കൊണ്ടും ബോള് കൊണ്ടും തകർപ്പൻ പ്രകടനമാണ് ദീപ്തി ശർമ പുറത്തെടുത്തത്. ലോകകപ്പ് ജൊഹന്നാസ്ബർഗിലേക്കെന്ന് ഉറപ്പിച്ച് പൊരുതി നിന്ന ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർഡിന്റെ വിക്കറ്റുൾപ്പടെ അഞ്ചു വിക്കറ്റ്. സ്വപ്‌നസമാനം.. പ്ലെയർ ഓഫ് ദ് ടൂർണമെന്റ് പുരസ്‌കാരം ഏറ്റുവാങ്ങി ദീപ്തി പറഞ്ഞതും അതുതന്നെയാണ്.
'സത്യത്തിൽ ഇതൊരു സ്വപ്‌നം പോലെ തോന്നുകയാണ്. ലോകകപ്പ് ഫൈനലിൽ ഈ പ്രകടനം പുറത്തെടുക്കാനായതിൽ സന്തോഷമുണ്ട്. ഏത് സാഹചര്യവും ആസ്വദിച്ച് കൈകാര്യം ചെയ്യുകയാണ് എന്റെ രീതി. സാഹചര്യം അനുസരിച്ച് കളിക്കാനാണ് ആഗ്രഹിക്കുന്നതും. ഓൾറൗണ്ടറായി തിളങ്ങാൻ കഴിയുന്നത് സന്തോഷകരമായ അനുഭവമാണ്'- താരം കൂട്ടിച്ചേർത്തു.
215 റൺസും 22 വിക്കറ്റുമാണ് ലോകകപ്പിലെ ദീപ്തിയുടെ സമ്പാദ്യം. ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിലും ഒന്നാമത്. കളി കൈവിട്ടു പോകുന്നുവെന്ന് തോന്നിയപ്പോൾ പോലും ദീപ്തിയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞില്ല. സമ്മർദത്തെ അതിന്റെ വഴിക്ക് വിട്ട് അർധ സെഞ്ചറിയും ഫൈനലിൽ ദീപ്തി നേടി. തോൽക്കുമ്പോഴെല്ലാം 'ക്രിക്കറ്റ് നിങ്ങൾക്കുള്ളതല്ല, ആൺപിള്ളേരുടെ കളി'യെന്ന് പരിഹസിച്ചവർക്ക് മുന്നിൽ ദീപ്തി ശർമയെന്ന ഓൾറൗണ്ടർ തല ഉയർത്തി നിൽക്കുകയാണ്. വരും തലമുറയ്ക്ക് പ്രചോദനമായി.