വനിതാ ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. ജെമീമ റോഡ്രിഗസിന്റെ സെഞ്ചറി പ്രകടനമാണ് നിർണായക മൽസരത്തിൽ ഓസ്ട്രേലിയൻ റൺമല മറികടക്കാൻ സഹായിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 338 റൺസ് 48.3 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിൽ ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോൽപിച്ചിരുന്നു.

ലീഗ് ഘട്ടത്തിൽ ഓസ്ട്രേലിയയോടേറ്റ മൂന്നു വിക്കറ്റ് തോൽവിക്ക് മികച്ചൊരു മറുപടി സെമി ഫൈനലിൽ നൽകി. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 49.5 ഓവറിൽ 338 റൺസടിച്ച് പുറത്തായി. സെഞ്ചറി നേടിയ ഓപ്പണർ ഫോബെ ലിച്ച്ഫീൽഡിന്റെ പ്രകടനമാണ് ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 93 പന്തുകൾ നേരിട്ട ലിച്ച്ഫീൽഡ് മൂന്നു സിക്സുകളും 17 ഫോറുകളുമുൾപ്പടെ 119 റൺസെടുത്തു. എലിസ് പെറി (88 പന്തിൽ 77), ആഷ്‍ലി ഗാർഡ്നർ (45 പന്തിൽ 63) എന്നിവർ അർധ സെഞ്ചറികളുമായി തിളങ്ങി. ഇന്ത്യയ്ക്കായി ശ്രീചരണി, ദീപ്തി ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ചെയ്സിങിൽ 59 ന് രണ്ട് എന്ന നിലയിലേക്ക് ഇന്ത്യ വീണു. 10 റൺസെടുത്ത ഷെഫാലി വർമയും 24 റൺസെടുത്ത സ്മൃതി മന്ദനയുമാണ് തുടക്കത്തിൽ പുറത്തായത്. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ജെമീമയും ചേർന്ന് 226 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 134 പന്തുകൾ നേരിട്ട ജെമീമ 12 ഫോറുകൾ ഉൾപ്പടെ 127 റൺസെടുത്തു പുറത്താകാതെനിന്നു. ഹർമൻപ്രീത് കൗർ 88 പന്തിൽ 89 റൺസെടുത്തു. റിച്ച ഘോഷ് (16 പന്തിൽ 24), ദീപ്തി ശർമ (17 പന്തിൽ 24), സ്മൃതി മന്ഥന (24 പന്തിൽ 24) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറർമാർ.

ENGLISH SUMMARY:

Women's World Cup saw India defeat Australia in a thrilling semi-final. Jemimah Rodrigues' century powered India to chase down the Australian total, setting up a final clash against South Africa.