Image credit: wisden
രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്വാധീനം വളരെ വലിയതാണെന്നും കളിക്കളത്തില്‍ നില്‍ക്കുമ്പോള്‍ പോലും തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ഉന്നതര്‍ വിളിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി മുന്‍ ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡ്. വഴിവിട്ട പല സഹായങ്ങളും ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും ബ്രോഡ് ആരോപിക്കുന്നു. രാഷ്ട്രീയ സ്വാധീനമാണ് ഇതിന് പിന്നിലെന്നും കളിയുടെ യഥാര്‍ഥ സ്പിരിറ്റിനെ ഇത് ബാധിക്കുന്നുവെന്നും കടുത്ത സമ്മര്‍ദം അംപയര്‍മാര്‍ക്ക് ഉണ്ടാകുന്നുവെന്നും ബ്രോഡ് കൂട്ടിച്ചേര്‍ത്തു. വലിയ വിവാദമാണ് ബ്രോഡിന്‍റെ വാക്കുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. ദ് ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രോഡിന്‍റെ വെളിപ്പെടുത്തല്‍.
സ്ലോ ഓവറിന് പിഴ ഈടാക്കേണ്ട നടപടി ഇന്ത്യയുടെ ഭാഗത്ത് നിന്നുമുണ്ടായി. ആവശ്യമായതിലും മൂന്നോ നാല് ഓവര്‍ കുറവാണ് ഇന്ത്യ വരുത്തിയത്. അതുകൊണ്ട് തന്നെ പിഴ വരുന്നത് സ്വാഭാവികമായിരുന്നു. എന്നാല്‍ ഗ്രൗണ്ടില്‍ നില്‍ക്കേ എനിക്ക് ഫോണ്‍ കോള്‍ വന്നു.'കുറച്ച് കരുണ കാണിക്കണം, എങ്ങനെയെങ്കിലും സമയം നിങ്ങള്‍ കണ്ടെത്തണം. കാരണം ഇന്ത്യയാണ് കളിക്കുന്നത്..ഒന്നും പറഞ്ഞൊഴിയരുത്' എന്നായിരുന്നു സംഭാഷണത്തിന്‍റെ ഉള്ളടക്കം. എങ്ങനെയൊക്കെയോ ആ കളിയില്‍ പിഴ ഈടാക്കാതിരുന്നു. പക്ഷേ അടുത്ത കളിയിലും ഇന്ത്യ ഇതേ തെറ്റ് ആവര്‍ത്തിച്ചു. അന്നത്തെ ക്യാപ്റ്റനായിരുന്ന ഗാംഗുലിക്ക് താന്‍ പലതവണ മുന്നറിയിപ്പ് നല്‍കി. പക്ഷേ ഗാംഗുലി ഗൗനിച്ചില്ല. ഇതോടെ പിഴ ഈടാക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്നും ബ്രോഡ് പറയുന്നു. മല്‍സരത്തിന്‍റെ തുടക്കം മുതലേ രാഷ്ട്രീയ ഉന്നതര്‍ സ്വാധീനിക്കാന്‍ശ്രമിച്ചിരുന്നുവെന്നും ഇപ്പോഴും അത് പ്രകടമാമെന്നും ബ്രോഡ് ആരോപിക്കുന്നു.
123 ടെസ്റ്റ് മല്‍സരങ്ങളിലാണ് ബ്രോഡ് ഐസിസിക്കായി മല്‍സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ളത്. 2024 ഫെബ്രുവരിയില്‍ കൊളംബോയില്‍ നടന്ന മല്‍സരത്തോടെ വിരമിക്കുകയും ചെയ്തു. താന്‍ അംപയറായിരുന്ന സമയത്ത് അന്നത്തെ ഐസിസി അംപയര്‍ മാനേജരായിരുന്ന വിന്‍സ് വാന്‍ ഇത്തരം സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും പക്ഷേ അദ്ദേഹം പടിയിറങ്ങിയോടെ ഐസിസി മാനേജ്മെന്‍റ് ദുര്‍ബലമായെന്നും ബ്രോഡ് പറയുന്നു. ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ കയ്യിലാണ് പണമത്രയും, ഒപ്പം ഐസിസിയും. ഇന്ന് രാജ്യാന്തര മല്‍സരങ്ങള്‍ നിയന്ത്രിക്കേണ്ടെന്നതില്‍ താന്‍ സന്തോഷിക്കുന്നുവെന്നും കാര്യങ്ങള്‍ അത്ര വെടിപ്പല്ലെന്നും ബ്രോഡ് കൂട്ടിച്ചേര്‍ത്തു.