Asian Cricket Council (ACC) and Pakistan Cricket Board (PCB) chairman Mohsin Naqvi waits at the field at the end of the Asia Cup 2025 Twenty20 international cricket final match between India and Pakistan at the Dubai International Stadium in Dubai on September 28, 2025. (Photo by Sajjad HUSSAIN / AFP)
ഐസിസി ട്വന്‍റി 20 ലോകകപ്പില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ ടീമിന്‍റെ ലോകകപ്പ് കിറ്റ് ലോഞ്ച് റദ്ദാക്കി പാക്കിസ്ഥാന്‍. ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചടങ്ങ് ഉപേക്ഷിച്ചത്. ഓസ്ട്രേലിയയുമമായുള്ള രണ്ടാം ട്വന്‍റി 20 ടോസിന് പിന്നാലെയാണ് ലോകകപ്പ് കിറ്റ് ലോഞ്ച് നടക്കേണ്ടിയിരുന്നത്. എന്നാല്‍ വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും പാക്കിസ്ഥാന്‍റെ പങ്കാളിത്തം സംബന്ധിച്ച അന്തിമ തീരുമാനം ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് ഇപ്പോള്‍ നടത്താന്‍ കഴിയില്ലെന്നുമായിരുന്നു അധികൃതരുടെ വാദം. ലോകകപ്പിന് പാക്കിസ്ഥാന്‍ പങ്കെടുക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച് തിങ്കളാഴ്ചയാണ് പ്രഖ്യാപനം വരിക. അതുവരെ ലോകകപ്പുമായി ബന്ധപ്പെട്ട ഒരു നടപടിയും പിസിബിയുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നാണ് നിലപാട്.
പാക് പ്രധാനമന്ത്രിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും രാജ്യ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയില്ലെന്നുമായിരുന്നു പിസിബി അധ്യക്ഷന്‍ മുഹ്സിന്‍ നഖ്വിയുടെ നിലപാട്. രാജ്യത്തിന്‍റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് പിസിബിയുമായുള്ള യോഗത്തില്‍ കളിക്കാരും വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിസിബി കളിക്കാരുടെ യോഗം വിളിച്ചതും ബോര്‍ഡിന്‍റെ നിലപാട് വ്യക്തമാക്കിയതും.
വിവാദങ്ങളും ആശയക്കുഴപ്പങ്ങളും വര്‍ധിക്കുന്നതിനിടെ നാളെ ശ്രീലങ്കയിലേക്ക് പാക് ടീം യാത്ര തിരിക്കുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. പിസിബിയുടേതായി പുറത്തായ വാര്‍ത്താക്കുറിപ്പിലായിരുന്നു ഓസീസ് ടീമിനൊപ്പം പാക്കിസ്ഥാന്‍ ടീം യാത്ര തിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നത്. മുന്‍താരങ്ങള്‍ ഉള്‍പ്പടെ ഇത് ട്വീറ്റ് ചെയ്തതോടെ പിസിബി ഇത് പിന്‍വലിക്കുകയും പുതിയ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുകയുമായിരുന്നു. മുന്‍ നിശ്ചയിച്ചത് പ്രകാരം തിങ്കളാഴ്ച പാക് ടീം കൊളംബോയില്‍ എത്തുമെന്നാണ് പിടിഐയും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇന്ത്യയിലേക്ക് ടീം വരില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് ശ്രീലങ്കയിലാണ് ഇന്ത്യ– പാക്കിസ്ഥാന്‍ മല്‍സരങ്ങളും പാക്കിസ്ഥാന്‍റെ എല്ലാ മല്‍സരങ്ങളും ക്രമീകരിച്ചിരിക്കുന്നത്.
ബംഗ്ലദേശും സമാന ഡിമാന്‍ഡ് മുന്നോട്ട് വച്ചിരുന്നുവെങ്കിലും ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയായതിനാല്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് ഐസിസി നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെയാണ് ലോകകപ്പില്‍ നിന്നും ബംഗ്ലദേശ് പുറത്തായത്. സ്കോട്ലന്ഡാണ് പകരക്കാര്‍. അതേസമയം, പാക്കിസ്ഥാന്‍ ലോകകപ്പ് ബഹിഷ്കരിച്ചാല്‍ യുഗാണ്ടയാകും പകരക്കാരായി എത്തുകയെന്നാണ് സൂചന. ലോകകപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനവുമായി പാക്കിസ്ഥാന്‍ മുന്നോട്ട് പോയാല്‍ രാജ്യാന്തര മല്‍സരങ്ങളില്‍ വിലക്ക് വരുമെന്നും കനത്ത തുക പിഴയായി നല്‍കേണ്ടി വരുമെന്നും പിഎസ്എലിലേക്ക് വിദേശ താരങ്ങള്‍ക്ക് എന്‍ഒസി നല്‍കില്ലെന്നും ഐസിസി വ്യക്തമാക്കിയിരുന്നു.