Pakistan's Salman Ali Agha, second right, and teammates walk off the field on the end of the first T20 cricket match between Pakistan and Australia, in Lahore, Pakistan, Thursday, Jan. 29, 2026. (AP Photo/K.M. Chaudary)
ബംഗ്ലദേശിനെ ചൊല്ലിയുണ്ടാക്കിയ നാടകങ്ങള്‍ക്കൊടുവില്‍ പാക് ടീം ട്വന്‍റി 20 ലോകകപ്പില്‍ പങ്കെടുക്കുമെന്ന് സൂചന. പിസിബി പുറത്തുവിടുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്ത വാര്‍ത്താക്കുറിപ്പിലാണ് യാത്ര തീയതിയും ഫ്ലൈറ്റുമടക്കമുള്ള വിവരങ്ങള്‍ ഉള്ളത്. ലോകകപ്പിനുള്ള പാക് ടീം തിങ്കളാഴ്ച (ഫെബ്രുവരി 2) എയര്‍ ലങ്ക വിമാനത്തില്‍ പുറപ്പെടുമെന്നും അതേ വിമാനത്തില്‍ ഓസീസ് താരങ്ങളും ഉണ്ടാകുമെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്.
പിസിബിയുടെ വാര്‍ത്താക്കുറിപ്പ് ലീക്കായതിന് പിന്നാലെ പാക് മാധ്യമപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഈ കുറിപ്പ് പിന്‍വലിച്ച് പുതിയ റിലീസ് ഇറക്കുകയായിരുന്നു. ഈ റിലീസില്‍ യാത്രാ തീയതിയും ഫ്ലൈറ്റും ഒഴിവാക്കിയിട്ടുണ്ട്. ലോകകപ്പില്‍ പങ്കെടുക്കുന്നതില്‍ പാക്കിസ്ഥാന്‍ ഔദ്യോഗിക തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല എന്നായിരുന്നു പിസിബിയുടെ ഭാഷ്യം. എന്നാല്‍ ഇത് കളവാണെന്നും അനാവശ്യമായ വിവാദം മാത്രമാണ് പാക്കിസ്ഥാന്‍റെ ലക്ഷ്യമെന്നുമാണ് പുതിയ നീക്കങ്ങളില്‍ നിന്നും മനസിലാകുന്നത്. ഫെബ്രുവരി ഏഴിനാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്‍റി 20 ലോകകപ്പ് മല്‍സരങ്ങള്‍ക്ക് തുടക്കമാകുക.
പിസിബി ചെയര്‍മാനായ മുഹ്സിന്‍ നഖ്വി പാക് മന്ത്രിസഭയില്‍ കൂടി അംഗമായതിനാല്‍ രാഷ്ട്രീയ തീരുമാനങ്ങളാണ് രാജ്യാന്തര ക്രിക്കറ്റില്‍ കൂടുതലായും നടപ്പിലാകുന്നത്. ബംഗ്ലദേശിനോട് ഐസിസി ഇരട്ടത്താപ്പ് കാണിച്ചെന്ന് ആരോപിച്ചാണ് പാക്കിസ്ഥാനും ബഹിഷ്കരണ ഭീഷണി ഉയര്‍ത്തിയത്. എന്നാല്‍ ഐസിസി നിലപാട് കടുപ്പിച്ചതോടെ പിസിബി ഒറ്റപ്പെട്ടു. പാക്കിസ്ഥാന്‍ ലോകകപ്പിനില്ലെങ്കില്‍ പകരക്കാരായി ബംഗ്ലദേശിനെ തന്നെ കൊണ്ടുവരാനും ഐസിസി ശ്രമങ്ങള്‍ നടത്തിയിരുന്നു. ബഹിഷ്കരണ നീക്കവുമായി പാക്കിസ്ഥാന്‍ മുന്നോട്ട് പോയാല്‍ രാജ്യാന്തര മല്‍സരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനും വന്‍ പിഴ ഈടാക്കാനും പിസിഎലിന് വിദേശ താരങ്ങളെ വിട്ടുകൊടുക്കാതിരിക്കാനുമായിരുന്നു ഐസിസിയുടെ നീക്കം. ഈ ഭീഷണിക്ക് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വഴങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഐപിഎല്‍ 2026 സീസണില്‍ ബംഗ്ലദേശ് താരം മുസ്തഫിസുര്‍ റഹ്മാനെ കളിപ്പിക്കേണ്ടെന്ന ബിസിസിഐ നിര്‍ദേശത്തിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് നിലവില്‍ വരുന്നത് സുരക്ഷിതമല്ലെന്നും മല്‍സരം ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലദേശ് നിലപാടെടുത്തത്. ലോകകപ്പിനുള്ള മല്‍സര വേദികളും മറ്റ് ക്രമീകരണങ്ങളും മാസങ്ങള്‍ക്ക് മുന്‍പേ പൂര്‍ത്തിയായതാണെന്നും വേദി മാറ്റാന്‍ കഴിയില്ലെന്നും ഐസിസി നിലപാടെടുത്തു. ഒടുവില്‍ ബംഗ്ലദേശ് പുറത്താകുകയും പകരം സ്കോട്‍ലന്‍ഡിന് ലോകകപ്പിലേക്ക് വഴി തെളിയുകയുമായിരുന്നു.