Image credit: AP

രോഹിത് ശര്‍മയില്‍ നിന്നും ഏകദിന ക്യാപ്റ്റന്‍ പദവി ഏറ്റെടുത്തതിന് പിന്നാലെ നടന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ശുഭ്മന്‍ ഗില്ലിന് ക്ഷീണം. മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ വ്യക്തിഗത പ്രകടനമോ ടീമിന്‍റെ പ്രകടനമോ ഗില്ലിന് ആശ്വാസമായില്ല. പെര്‍ത്തില്‍ 10, അഡ്​ലെയ്​ഡില്‍ ഒന്‍പത്, സിഡ്നിയില്‍ 24 എന്നിങ്ങനെയായിരുന്നു ക്യാപ്റ്റന്‍റെ സ്കോര്‍. 14.33 ആണ് താരത്തിന്‍റെ ശരാശരി. ഓസീസിനെതിരായ പരമ്പരയില്‍ ഒരിന്ത്യന്‍ ക്യാപ്റ്റന്‍റെ ഏറ്റവും കുറഞ്ഞ ശരാശരി കൂടിയാണിത്. 20016 ല്‍ ധോണി കുറിച്ച 17.20, 2001ല്‍ ഗാംഗുലിയുടെ 18.60 എന്നീ കുറഞ്ഞ ശരാശരികളിലും താഴെയാണ് ഗില്ലിന്‍റേത്. 

ഏകദിനത്തിലെ ഫോമില്ലായ്മ ക്യാപ്റ്റനെന്ന നിലയിലും ഗില്ലിന് കടുത്ത വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്. യശസ്വിയെ പോലെയുള്ള താരങ്ങള്‍ മികച്ച പ്രകടനവുമായി പുറത്ത് നില്‍ക്കുമ്പോള്‍ സ്ഥിരതയാര്‍ന്ന പ്രകടനമില്ലെങ്കില്‍ ഗില്ലിന്‍റെ ക്യാപ്റ്റന്‍ പദവിയും ടീമിലെ സ്ഥാനവും തന്നെ ഉലഞ്ഞേക്കാമെന്ന് കരുതുന്നവരും കുറവല്ല. ഹ്രസ്വ ഫോര്‍മാറ്റുകളില്‍ താളം കണ്ടെത്താന്‍ ഗില്ലിന് കഴിയേണ്ടതുണ്ടെന്നും വരാനിരിക്കുന്ന മല്‍സരങ്ങളില്‍ അത് നിര്‍ണായകമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

ട്വന്‍റി20 യിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ഗില്ലിന് കഴിഞ്ഞിരുന്നില്ല. വൈസ് ക്യാപ്റ്റനായി ടീമിലേക്ക് മടങ്ങിയെത്തിയ താരം ഓപ്പണറായി അഭിഷേകിനൊപ്പം ഇറങ്ങിയെങ്കിലും 127 റണ്‍സാണ് ആകെ നേടിയത്. ഓപ്പണറായി മികച്ച പ്രകടനം ട്വന്‍റി 20യില്‍ പുറത്തെടുത്തിരുന്ന സ‍‍ഞ്ജുവാകട്ടെ ഗില്ലിനായി ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങേണ്ടിയും വന്നു. മൂന്ന് സെ‌ഞ്ചറികളായിരുന്നു ഓപ്പണറായി സഞ്ജു അടിച്ചുകൂട്ടിയത്. 

അതേസമയം, ടെസ്റ്റില്‍ സമ്മര്‍ദങ്ങളേതുമില്ലാതെയാണ് ഗില്‍ കളിക്കുന്നത്. രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെയാണ് ക്യാപ്റ്റന്‍സി ഗില്ലിലേക്ക് എത്തിയത്. പിന്നാലെ നടന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ജയത്തോളം പോന്ന സമനില ഗില്ലിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം നേടി. പരമ്പരയില്‍ 754 റണ്‍സുമായി ഗില്ലായിരുന്ന് ടോപ് സ്കോറര്‍ ആയതും. വിന്‍ഡീസിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലും ഗില്‍ മികച്ച ഫോം തുടര്‍ന്നിരുന്നു. ആദ്യ ടെസ്റ്റില്‍ അര്‍ധ സെഞ്ചറിയും രണ്ടാം ടെസ്റ്റില്‍ പുറത്താകാതെ 129 റണ്‍സും ഗില്‍ നേടി.

ENGLISH SUMMARY:

Shubman Gill's performance is under scrutiny following a disappointing ODI series in Australia. His captaincy and place in the team could be at risk if he doesn't improve his consistency, especially with other talented players waiting for their opportunity.