റായ്പുർ ഏകദിനത്തിൽ ഇന്ത്യയെ 4 വിക്കറ്റിന് തോല്പിച്ച് ദക്ഷിണാഫ്രിക്ക. 359 റൺസ് വിജയലക്ഷ്യം6 വിക്കറ്റ് നഷ്ടത്തിൽ 4 പന്ത് ശേഷിക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. വിരാട് കോലിയും ഋതുരാജ് ഗെയ്ക്വാദും ഇന്ത്യക്കായി സെഞ്ച്വറി നേടിയപ്പോൾ ഓപ്പണർ എയ്ഡൻ മാർക്രത്തിലൂടെ ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ മറുപടി . മാർക്രം 110 റൺസ് നേടി പുറത്തായി. മാത്യു ബ്രീറ്റ്സ്കി 68 റൺസും ഡിവാൾഡ് ബ്രെവിസ് 34 പന്തിൽ 54 റൺസും നേടി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 92 റൺസ് കൂട്ടിച്ചേർത്തു.  ജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പരയിൽ ഒപ്പമെത്തി. അവസാന മത്സരം ജയിക്കുന്നവർക്ക് ഏകദിന പരമ്പര സ്വന്തമാക്കാം

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയും (14), യശസ്വി ജയ്‌സ്വാളും (22) പെട്ടെന്ന് പുറത്തായി. എട്ടുപന്തിൽ 14 റൺസെടുത്ത രോഹിത്തിനെ നാന്ദ്രേ ബർഗറും, 22 റൺസെടുത്ത ജയ്‌സ്വാളിനെ മാർക്കോ യാൻസനുമാണ് പുറത്താക്കിയത്. ഇതോടെ ഇന്ത്യ 62/2 എന്ന നിലയിൽ പരുങ്ങലിലായി.

എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച വിരാട് കോലി - ഋതുരാജ് ഗെയ്ക്‌വാദ് സഖ്യം ഇന്ത്യൻ ഇന്നിംഗ്‌സ് കരുത്തോടെ മുന്നോട്ട് നയിച്ചു. സമീപകാലത്ത് ഉയർന്ന വിമർശനങ്ങൾക്ക് ബാറ്റുകൊണ്ട് മറുപടി നൽകിയ കോലി, ഏകദിന കരിയറിലെ 53-ാം സെഞ്ചുറി കുറിച്ചു. 90 പന്തുകളിൽ നിന്നാണ് കോലി മൂന്നക്കം കടന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇത് കോലിയുടെ തുടർച്ചയായ മൂന്നാം സെഞ്ചറിയാണ്. ഇതോടെ, ഒരു ബാറ്റിംഗ് പൊസിഷനിൽ (മൂന്നാം നമ്പർ) ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരം എന്ന സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡും (45) കോലി (46) മറികടന്നു.

ENGLISH SUMMARY:

India vs South Africa ODI saw South Africa beat India in the second ODI. Virat Kohli scored a century, but it wasn't enough to secure a victory for India.